പ്രതിഭ എംഎൽഎയെ വേട്ടയാടാൻ അനുവദിക്കില്ല: മന്ത്രി സജി ചെറിയാൻ
1492277
Friday, January 3, 2025 11:12 PM IST
ചേര്‍ത്തല: തെരഞ്ഞെടുപ്പിന് കായംകുളത്ത് കളമൊരുക്കാൻ നവമാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളെ കൂട്ടുപിടിച്ചും യു.പ്രതിഭ എംഎൽഎയെ വേട്ടയാടുന്നത് അനുവദിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രാഷ്ട്രീയലക്ഷ്യത്തോടെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. സ്ത്രീയെന്ന പരിഗണനപോലും നൽകുന്നില്ല. ജാതീയത ചേർത്തും ആക്ഷേപിച്ചു. പ്രായപൂർത്തിയായ കുട്ടികൾ തെറ്റുചെയ്താൽ അതിന്റെ പേരിൽ അമ്മയെ ആക്ഷേപിക്കുന്നത് എന്തിനാണ്. പ്രതിഭയെയും സിപിഎമ്മിനെയും വേട്ടയാടുകയാണു ലക്ഷ്യം. അതിനാലാണ് വിഷയത്തിൽ പ്രതികരിക്കുകയെന്ന ബാധ്യത നിറവേറ്റുന്നതും.
എക്സൈസ് പരിശോധനയിൽ ഒമ്പത് കുട്ടികളിൽ ഒരാളുടെ കൈയിൽനിന്ന് കഞ്ചാവ് പിടിച്ചു. എന്നാൽ എല്ലാവർക്കും എതിരേ കേസെടുത്തു. ആരുടെ പോക്കറ്റിൽനിന്നാണോ വസ്തു പിടിച്ചെടുത്തത് അയാൾക്കെതിരേയാണ് കേസെടുക്കേണ്ടത്. യു. പ്രതിഭ എംഎൽഎയുടെ മകന്റെ കൈയിൽനിന്ന് കഞ്ചാവ് പിടിച്ചുവെന്നാണ് മാധ്യമങ്ങൾ വ്യാജവാർത്ത നൽകിയത്. ഇതിനെല്ലാം പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.