അനിൽ പനച്ചൂരാന്റെ ഓർമകൾ പങ്കുവച്ച് കെസി
1492268
Friday, January 3, 2025 11:12 PM IST
കായംകുളം: കവിയും ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാൻ വിടപറഞ്ഞിട്ട് നാലു വർഷം. പനച്ചൂരാന്റെ ദീപ്തമായ ഓർമകൾ പങ്കുവച്ച് കെ.സി. വേണുഗോപാൽ തന്റെ ഫേസ് ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു...
“ഒരു കവിതകൂടി എഴുതിവയ്ക്കാമെന്ന് പ്രതീക്ഷ നൽകിപ്പോയ കവിയെ കാത്ത് കഴിഞ്ഞ നാലുവർഷമായി മലയാളം കാത്തിരിക്കുകയാണ്. കാരണം, പ്രണയവും വിരഹവും ഗൃഹാതുരത്വവും ജീവിതവേദനയും വിപ്ലവവും മനുഷ്യസ്നേഹവുമൊക്കെ മൂർച്ചയുറ്റ വരികളിൽ പ്രകടമാക്കാൻ നമുക്ക് മറ്റൊരു പനച്ചൂരാൻ പിന്നീട് ഉണ്ടായിട്ടില്ലല്ലോ.
രാഹുലാ നീ തനിച്ചല്ല
ഒരുങ്ങുന്നു നിന്നിലെന്നപോലെ
ഉള്ളിലുടുക്കും തുടിതൻ തുടിപ്പുമായ് ജനഗണമെങ്ങും’’
പണ്ടൊരിക്കൽ രാഹുൽ ഗാന്ധിയെക്കുറിച്ച് അനിൽ എഴുതിയ വരികൾ പിന്നീടെത്രയോ തവണ ആവർത്തിച്ച് കേട്ടിട്ടുണ്ടെന്നും കെസി അനുസ്മരിച്ചു. വ്യക്തിപരമായി പനച്ചൂരാന്റെ വേർപാട് ഇന്നുമെനിക്ക് ഒരു നഷ്ടംതന്നെയാണ്. എത്രയോ വേദികളിൽ ഒരുമിച്ചുണ്ടായിട്ടുണ്ട്. സമയം കിട്ടുന്ന അവസരങ്ങളിലൊക്കെ രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ചുമതല നൽകി അദ്ദേഹത്തിലെ സാംസ്കാരിക പ്രവർത്തകനെ, യുഡിഎഫ് ആദരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നതിന്റെ ചാരിതാർഥ്യം ഇപ്പോഴുമുണ്ട്.
ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് അനിൽതന്നെ പിൽക്കാലത്ത് തെളിയിച്ചിട്ടുമുണ്ടല്ലോ. ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രിയങ്കാ ഗാന്ധി പ്രകാശനം ചെയ്ത ഗാനം എഴുതിയതും അനിൽ പനച്ചൂരാനായിരുന്നെന്നും കെ.സി ഓർമക്കുറിപ്പിൽ പങ്കുവച്ചു.