സഹായത്തിനു കാത്തു നിൽക്കാതെ സന്തോഷ് യാത്രയായി
1492262
Friday, January 3, 2025 11:12 PM IST
മാന്നാർ: ഇരു വൃക്കകളും തകരാറിലായ സന്തോഷ് സഹായത്തിനു കാത്തു നിൽക്കാതെ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. മാന്നാർ കിഴക്കേകാട്ടിൽ മോഹനന്റെയും തങ്കമണിയുടെയും മകൻ സന്തോഷി (43)ന്റെ ചികിൽസയ്ക്കായി ഫണ്ട് ശേഖരിക്കുന്നതിനിടെയാണ് വിധി സന്തോഷി നെ തട്ടിയെടുത്തത്.
മേസ്തിരി പണിക്കാരനായ സന്തോഷിന് ഒന്നര വർഷം മുമ്പാണ് കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ വൃക്കരോഗമാണെന്ന് കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെ ക്ലീനിംഗ് തൊഴിലാളിയായ ഭാര്യ സൗമ്യയ്ക്ക് ഭർത്താവിന്റെ പരിചരണത്തിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളായ പ്ലസ്ടു വിദ്യാർഥി ആദ്യത്യന്റെയും 10-ാം ക്ലാസുകാരനായ അർജുന്റെയും പഠനവും പ്രതിസന്ധിയിലായി.
രോഗം മൂർച്ഛിച്ചതോടെ വൃക്കകൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചപ്പോൾ ഭാര്യ സൗമ്യ വൃക്ക ദാനം ചെയ്യാൻ തയാറായെങ്കിലും ശസ്ത്രക്രിയയ്ക്കായി വേണ്ടിവരുന്ന 20 ലക്ഷം രൂപ ഈ കുടുംബത്തിന് താങ്ങാൻ കഴിയാത്തതിനാൽ സുമനസുകളുടെ കനിവിനായി കാത്തിരിക്കുകയായിരുന്നു.
ഇതിനായി നാട്ടുകാരും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നേതാക്കളും ചേർന്ന് ചികിൽസാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തി വരികെയാണ് മരണം സംഭവിച്ചത്.സംസ്കാരം ഇന്നു വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.