പാതിരാമണൽ ഫെസ്റ്റ് ഇന്നു സമാപിക്കും
1491984
Thursday, January 2, 2025 10:55 PM IST
മുഹമ്മ: മുഹമ്മയിൽ ആവേശത്തിന്റെ കൊടിയേറ്റം സൃഷ്ടിക്കുന്ന പാതിരാമണൽ ഫെസ്റ്റ് ഇന്നു സമാപിക്കും. വൈകിട്ട് നടക്കുന്ന വർണോജ്വലമായ സാംസ്കാരിക ഘോഷയാത്ര, സമ്മേളനം കലാപരിപാടികൾ എന്നിവ സഞ്ചാരികൾക്കു വിരുന്നൊരുക്കും മന്മോഹന് സിംഗിന്റെയും എം.ടി. വാസുദേവന് നായരുടെയും നിര്യാണത്തെത്തുടർന്ന് നീട്ടിവച്ച അഘോഷപരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. വേമ്പനാട്ട് കായലിൽ വിളംബര ദീപം തെളിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചത്.
കായിപ്പുറം ബോട്ടുജെട്ടിയിൽനടന്ന വിളംബര ദീപം തെളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. മൺചിരാതുകളിൽ തെളിഞ്ഞ ദീപങ്ങൾ കായലോളങ്ങൾ ഏറ്റുവാങ്ങി ഒഴുകി നീങ്ങുന്നത് സഞ്ചാരികൾക്ക് കൗതുകമൂറുന്ന കാഴ്ചയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ ജി. സതീഷ്, പഞ്ചായത്തംഗം വിനോമ്മാ രാജു, സംഘാടക സമിതി വൈസ് ചെയർമാൻ സന്തോഷ് ഷൺമുഖൻ, സി എംഎസ്എൽപിഎസ് പിടിഎ പ്രസിഡന്റ് വിജയകുമാർ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
വൈദ്യുതി ദീപങ്ങൾ തീർക്കുന്ന മായിക വലയത്തിലാണ് കായിപ്പുറവും സമീപ മേഖലകളം. കായിപ്പുറം ബോട്ടുജെട്ടിയും. ദ്വീപിലും കായിപ്പുറം ബോട്ടുജെട്ടിയിലും ഭക്ഷണശാലകൾ ഒരുക്കിയിട്ടുണ്ട്. ദീപിൽ കുട്ടികളുടെ പാർക്കും ഏറുമാടങ്ങളും മറ്റ് വിനോദോപാധികളും സജ്ജമാക്കിയിട്ടുണ്ട്. സമാപന ദിവസമായ ഇന്ന് വൈകിട്ട് മൂന്നിന് ആണ് കായിപ്പുറത്ത് വർണോജ്വലമായ സാംസ്കാരിക ഘോഷയാത്ര. മുഹമ്മ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന ഘോഷയാത്രയിൽ ജനസഹസ്രങ്ങൾ അണിനിരക്കും. തുടർന്ന് പ്രതിഭാസംഗമം, സമ്മേളനം എന്നിവ ഉണ്ടാകും.