പുതുവത്സര ദിനത്തിൽ റോഡ് ദുരന്തം കുറഞ്ഞു
1492266
Friday, January 3, 2025 11:12 PM IST
അമ്പലപ്പുഴ: പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്ത പരിശോധനയും മുന്നറിയിപ്പും ഇക്കുറി ജില്ലയിൽ പുതുവത്സരപ്പിറവിക്കു റോഡിലെ ദുരന്തം കുറച്ചു. അരൂരിനും ചെങ്ങന്നൂരിനുമിടയിൽ മദ്യപിച്ചു വാഹനമോടിച്ചുള്ള വലിയ അപകടങ്ങൾ ഒന്നും തന്നെയുണ്ടായില്ലെന്നുള്ളത് ആശ്വാസമായി. ഡിസംബർ 30 മുതൽതന്നെ മോട്ടോർ വാഹന വകുപ്പ് പരിശോധനയുടെ വാട്സാപ്പ് സന്ദേശം ജനങ്ങളിലെത്തിച്ചിരുന്നു.
മദ്യപിച്ചു പിടിക്കുന്ന വാഹനങ്ങളുടെ ആർസിയും ലൈസൻസും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ജില്ലാ പോലീസും വിവിധ സ്ഥലങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. എഎസ് പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിൽ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ 1300 സേനാംഗങ്ങളെയാണ് പുതുവത്സര ഡ്യൂട്ടിക്കായി നിയോഗിച്ചത്.
ജില്ലയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ 116 കേന്ദ്രങ്ങളിൽ 31ന് വൈകിട്ട് മൂന്നിന് തുടങ്ങിയ പരിശോധന ഒന്നാം തീയതി രാവിലെ ആറുവരെ നീണ്ടു. ഇതിനായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു. കൂടാതെ പുതുവത്സര ആഘോഷ പരിപാടികൾ നടന്ന ബീച്ചുകൾ, റിസോർട്ടുകൾ, പൊതു നിരത്തുകൾ എല്ലാം ഡ്രോൺ വഴി നിരീക്ഷിച്ചു. മദ്യം, കഞ്ചാവ്, മയക്കുമരുന്നു കേസ്, പ്രധാന ഗുണ്ടകൾ ഇവരെയൊക്കെ കരുതൽ തടങ്കലിൽ വച്ചതും കൂടുതൽ സുരക്ഷയ്ക്കു കാരണമായി. ബാറുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
മദ്യപിച്ചു ലക്കുകെട്ടു വാഹനമെടുക്കാൻ ആരെയും അനുവദിക്കരുതെന്നും വേണ്ടി വന്നാൽ ഡ്രൈവറെ ഏർപ്പാടാക്കി കൊടുക്കണമെന്നും നിർദേശം നൽകിയിരുന്നു. അതേ സമയം പോലീസ് നടത്തിയ പരിശോധനയിൽ ജില്ലയിൽ മൊത്തത്തിൽ 178 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
എന്നാൽ മോട്ടോർ വാഹന വകുപ്പ് ഒരു കേസ് മാത്രമാണ് എടുത്തത്. എന്തായാലും ആധി ഒഴിഞ്ഞ ഒരു പുതുവത്സര ആഘോഷമാണ് ഇക്കുറി കഴിഞ്ഞുപോയത്.