ജനറൽ ആശുപത്രിയിൽ കമ്പ്യൂട്ടർവത്കരിച്ച ഒപി കൗണ്ടർ തുടങ്ങി
1492271
Friday, January 3, 2025 11:12 PM IST
അന്പലപ്പുഴ: ജനറൽ ആശുപത്രിയിലെ ഒപി കൗണ്ടർ കംപ്യൂട്ടർവത്കരിച്ചു. കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് കംപ്യൂട്ടർവത്കരണം നടത്തിയത്. നിത്യേന 1700 മുതൽ 2000 വരെ രോഗികൾ എത്തുന്ന കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് ആശുപത്രി വികസന ഫണ്ടിൽ നിന്ന് 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് കംപ്യൂട്ടർവത്കരണം നടത്തിയത്.
മെഡിസിൻ, സർജറി, കുട്ടികളുടെ വിഭാഗം, പിഎംആർ, അസ്ഥി, നേത്രരോഗ, ശ്വാസകോശ രോഗ വിഭാഗങ്ങൾ, ഇ എൻ ടി, ജനറൽ, ഗ്യാസ്ട്രോളജി, ഹൃദ്രോഗ വിഭാഗം, നെഫ്രോളജി, ജീവിതശൈലീ രോഗ വിഭാഗം, ഡി ഇ ഐസി, മാനസികരോഗ വിഭാഗം ഒപി കളാണ് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. തിരക്ക് വർധിച്ചതോടെ ഒ പി കൗണ്ടറുകൾ പുനഃസംഘടിപ്പിക്കണമെന്ന എംഎൽഎയുടെ നിർദേശാനുസരണം ബിപിഎൽ വിഭാഗങ്ങൾക്ക് രണ്ടും എപിഎൽ വിഭാഗത്തിന് ഒന്നും കുട്ടികൾക്ക് പ്രത്യേക കൗണ്ടറും പ്രവർത്തിപ്പിച്ചെങ്കിലും തിരക്ക് അനിയന്ത്രിതമായിരുന്നു. ഇത് രോഗികൾക്കും ഒപ്പമുള്ളവർക്കും ബുദ്ധിമുട്ടാകുകയും ഏറെ സമയം കൗണ്ടറുകളിൽ കാത്തുനിൽക്കേണ്ടിയും വന്നിരുന്നു.
ഇതേത്തുടർന്ന് എച്ച്. സലാം നഗരസഭാ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും യോഗം വിളിച്ചു ചേർത്തു. തുടർന്നാണ് കംപ്യൂട്ടർവത്കരണം യാഥാർഥ്യമായത്.
എച്ച്. സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ. കെ. ജയമ്മ, ഡിഎംഒ ഡോ. ജമുന വർഗീസ്, സ്ഥിരം സമിതി അധ്യക്ഷൻ എം. ആർ. പ്രേം, കൗൺസിലർമാരായ ബി. നസീർ, ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.