മെഡി. കോളജ് ആശുപത്രി നിര്‍മാണം കരാറുകാരന്റെ തന്നിഷ്ടപ്രകാരമെന്ന്
1491982
Thursday, January 2, 2025 10:55 PM IST
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ വരുത്തുന്നതായി പരാതി. ആരും മേല്‍നോട്ടം വഹിക്കാനില്ലാത്തതിനാല് ആശുപത്രിയില്‍ നടക്കുന്നത് കരാറുകാരന്റെ ഇഷ്ടപ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍.
ആശുപത്രിയില്‍ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പൊതുമരാമത്തുവകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കരാര്‍ നല്‍കുന്നത്. നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ശക്തമായ നിരീക്ഷണവും ഉണ്ടാകണമെന്ന് നിര്‍ദേശമുള്ളതാണ്.
എന്നാല്‍, ആശുപത്രിയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരിക്കല്‍ പോലും ഉദ്യോഗസ്ഥര്‍ എത്താറില്ലെന്ന് സിഐടിയു ഉള്‍പ്പെടെ യൂണിയനിലെ നേതാക്കള്‍ ആരോപിക്കുന്നു.
നിര്‍മാണപ്രവര്‍ത്തനം നടക്കുന്നയിടങ്ങളിലെല്ലാം അവിടുന്നു തന്നെയുള്ള മണലാണ് കെട്ടിട നിര്‍മാണത്തിനായി ഉപയോഗിക്കുന്നതെന്നും യൂണിയനുകള്‍ പറയുന്നു. ഈയിനത്തില്‍ ലക്ഷങ്ങളുടെ ലാഭമാണ് കരാറുകാരനു ലഭിക്കുന്നത്. കരാറില്‍ പുറമെനിന്ന് മണലെത്തിക്കുന്നതിന്റെ ബില്ലും ഉള്‍പ്പെടുത്താറുണ്ട്. പണം കൂടി ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, വര്‍ക്ക് സൈറ്റില്നിന്നുതന്നെ മണലെടുത്ത് കെട്ടിടങ്ങള്‍ നിര്മിക്കുതിലൂടെ നൂറുകണക്കിന് ലോഡ് മണലിന്റെ പണമാണ് കരാറുകാരനു ലഭിക്കുന്നത്.
ഇത് ചോദ്യം ചെയ്തതിനാലാണ് കഴിഞ്ഞദിവസം സ്ട്രോക്ക് ബ്ലോക്കിന്റെ കെട്ടിടനിര്മാണത്തില്നിന്ന് പ്രാദേശിക തൊഴിലാളികളെ ഒഴിവാക്കി ഇതര സംസ്ഥാന തൊഴിലാളികളെ കരാറുകാരന് നിര്‍ത്തിയതെന്നും യൂണിയന് ആരോപിക്കുന്നു. വിവിധ യൂണിയനുകളിലെ നാലു തൊഴിലാളികളെ ജോലിക്ക് നിര്‍ത്തണമെന്ന് ലേബര്‍ ഓഫീസില്‍നിന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കരാറുകാരന് ഇത് പാലിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇതിനെത്തുടര്‍ന്നാണ് കോണ്‍ക്രീറ്റ് ജോലിക്കായി റെഡിമിക്സുമായെത്തിയ വാഹനങ്ങള്‍ യൂണിയന് പ്രവര്‍ത്തകര്‍ തടയുകയുണ്ടായി. അഞ്ചു വാഹനങ്ങളിലായാണ് റെഡി മിക്സ് എത്തിച്ചത്. തൊഴിലാളികളെ നിര്‍ത്താതെ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് യൂണിയനുകള്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.
കരാറുകാരനില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങുന്നതു കൊണ്ടാണ് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കാത്തതെന്നും ആരോപണമുണ്ട്.
കരാറുകാരനെ വഴിവിട്ട് സഹായിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം നടത്തണമെന്നും തൊഴിലാളിസംഘടനകളില്നിന്നടക്കം ആവശ്യമുയര്‍ന്നിട്ടുണ്ട്.