പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമായി: കൊടിക്കുന്നിൽ സുരേഷ്
1492275
Friday, January 3, 2025 11:12 PM IST
മാവേലിക്കര: കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പങ്ക് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന വിധിയാണ് പെരിയ ഇരട്ടക്കൊലകേസിലേതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചെങ്കിലും കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം ആഗ്രഹിച്ച വിധിയല്ലിത്.
കൊലപാതക രാഷ്ട്രീയത്തിനായി ആയുധം എടുക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ശക്തമായ താക്കീത് നല്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷയാണ് ഇരകളുടെ കുടുംബം ആഗ്രഹിച്ചത്. കൂടാതെ പ്രതിപ്പട്ടികയിലെ 10 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. അവര്‍ക്ക് ഈ കുറ്റകൃത്യത്തിലുള്ള പങ്ക് തെളിയിക്കപ്പെടണം. അതാണ് ഇരകളുടെ കുടുംബത്തിന്റെ ആഗ്രഹം. കുടുംബത്തിന്റെ ആഗ്രഹത്തിനൊപ്പമാണ് കോണ്‍ഗ്രസെന്നും എംപി പറഞ്ഞു.
കോടതി കുറ്റവാളികളായി കണ്ടെത്തിയ പ്രതികളെ നിരപരാധികളായി ചിത്രീകരിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ അമ്മമാരോട് സിപിഎം കാട്ടുന്ന അനീതിയാണ്. കോടതികളില്‍ നിന്നു തിരിച്ചടി കിട്ടിയിട്ടും സിപിഎം തെറ്റുതിരുത്തുന്നില്ല. കേരളത്തിലെ സാമൂഹിക വിപത്തായി സിപിഎം മാറിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.