കുമരംചിറ പള്ളിയിൽ തിരുനാൾ
1491988
Thursday, January 2, 2025 10:55 PM IST
മങ്കൊമ്പ്: കുട്ടനാടിന്റെ പാദുവ എന്നറിയപ്പെടുന്ന മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു ഇന്നു തുടക്കമാകും. 12 മുതൽ 14 വരെയാണ് പ്രധാന തിരുനാൾ. തിരുനാളിനു മുന്നോടിയായുള്ള പ്രത്യേക മധ്യസ്ഥപ്രാർഥന ഇന്നുമുതൽ 11 വരെ നടക്കും. എടത്വ ഫൊറോനാ സൺഡേസ്കൂൾ, യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ പ്രഥമ കുമരംചിറ തീർഥാടനം 11ന് നടക്കും.
12നു രാവിലെ ഏഴിന് മാർ ജോസഫ് പെരുന്തോട്ടം തിരുനാൾ കൊടിയേറ്റ് നിർവഹിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന ഇടവക ദിനാഘോഷത്തിലും എക്യുമെനിക്കൽ സംഗമത്തിലും കോട്ടയം അതിരൂപത സഹായമെത്രാൻ വർഗീസ് മാർ അപ്രേം, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി എത്തയ്ക്കാട്ട് എന്നിവർ വിശിഷ്ടാതിഥികളാകും. 13ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.
തുടർന്ന് പഞ്ചായത്ത് ജംഗ്ഷനിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 14ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. രാവിലെ എട്ടിനും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന. വൈകുന്നേരം 5.30ന് തിരുനാൾ പ്രദക്ഷിണം. രാവിലെ മുതൽ തീർഥാടകർക്കായി ഊട്ടുനേർച്ച ക്രമീകരിക്കുന്നതാണെന്ന് വികാരി ഫാ. ജോസഫ് കട്ടപ്പുറം അറിയിച്ചു.
അരീപ്പറമ്പ് പള്ളിയിൽ തിരുനാൾ
ചേർത്തല: അരീപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്നുമുതൽ അഞ്ചുവരെ ആഘോഷിക്കും. വൈകുന്നേരം ആറിന് വികാരി ഫാ. ലൂക്ക് പുത്തംപറമ്പിൽ കൊടിയേറ്റും. ഏഴിന് നടക്കുന്ന സമൂഹബലിക്ക് അർത്തുങ്കൽ ബസിലിക്ക റെക്ടർ റവ.ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ മുഖ്യകാർമികനാകും. നാലിന് വേസ്പരദിനം, രാവിലെ 6.30ന് ദിവ്യബലി, വൈകുന്നേരം ആറിന് സമൂഹ ദിവ്യബല. കൊച്ചി രൂപത പ്രൊക്യൂറേറ്റർ ഫാ. മാക്സൺ കുറ്റിക്കാട്ട് മുഖ്യകാർമികനാകും. അഞ്ചിന് തിരുനാൾദിനം, വൈകുന്നേരം നാലിന് സമൂഹദിവ്യബലി. ഫാ. ഗ്രീംബാൾഡ് ലന്തപറമ്പിൽ മുഖ്യകാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി ഒമ്പതിന് കൊടിയിറക്കം.