ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട്: ഓടനിർമാണം പുരോഗമിക്കുന്നു
1491983
Thursday, January 2, 2025 10:55 PM IST
ചെങ്ങന്നൂർ: മാവേലിക്കര-കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമായി ഓടനിർമാണം പുരോഗമിക്കുന്നു. റോഡ് ഉയർന്നുനിൽക്കുന്നതിനാൽ ഇരുഭാഗത്തുനിന്നു വെള്ളം ഒഴുകി അടിപ്പാതയിൽ കെട്ടിക്കിടക്കുന്നതായിരുന്നു പ്രശ്നം. ചാറ്റൽമഴയിൽ പോലും വലിയ വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടിരുന്നത്.
വെള്ളക്കെട്ടുമൂലം ചെങ്ങന്നൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വലതുവശത്തുകൂടി കടന്നുപോകുന്നത് ഇവിടെ പലപ്പോഴും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അഞ്ചുവർഷം മുൻപ് റോഡ് നവീകരിച്ചതിനു ശേഷമാണ് പാലത്തിന്റെ ഇരുവശവും ഉയർന്നത്. ഇതോടെ ഇരുഭാഗത്തുനിന്നു വെള്ളം പാലത്തിന്റെ അടിയിലേക്ക് ഒഴുകിയെത്തുന്നതാണു വെള്ളക്കെട്ടിന്റെ പ്രധാന കാരണം.
ഇത് കണ്ടത്തി പന്ത്രണ്ട് മാസങ്ങൾക്ക് മുൻപ് ഈ ഭാഗം ലെവൽ ചെയ്ത് ടാർ ചെയ്തങ്കിലും ഫലമുണ്ടായില്ല. വെള്ളക്കെട്ടി ക്കിടന്ന് അടിപ്പാതയിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ കുഴിയിൽ വീണ് ഇരുചക്രവാഹനമുൾപ്പെടെയുള്ള യാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കാറുണ്ട്. അടിപ്പാതയിൽ എത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ശരിയായ സംവിധാനമില്ലാത്തതാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.
ചളിവെള്ളം തെറിച്ച് ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ദേഹത്തു വീഴുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇവിടെ നിത്യസംഭവമാണ്. ഇരുഭാഗത്തും നിന്നെത്തുന്ന വാഹനങ്ങൾ വളവു തിരിഞ്ഞു വരുമ്പോഴാണ് വെള്ളക്കെട്ട് കാണുന്നത്. റോഡ് പരിചിതമല്ലാത്തവർ പെട്ടെന്നു വാഹനം നിർത്തുമ്പോൾ തൊട്ടുപിന്നിലെ വാഹനത്തിൽ ഇടിച്ചും അപകടമുണ്ടാകുന്നു.
അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായാണ് ചെറിയനാട് പഞ്ചായത്ത് എട്ടു ലക്ഷം രൂപ ചെലവിലാണ് ഓടനിർമാണം നടത്തുന്നത്. വെള്ളം വടക്കോട്ട് തിരിച്ചുവിട്ട് തോട്ടിൽചെന്ന് ചേരുന്ന വിധത്തിലാണ് ഓടയുടെ നിർമാണം നടത്തുന്നത്. ഓടനിർമാണം പൂർത്തിയാകുന്നതോടെ വെള്ളകെട്ടിന് ശാശ്വത പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് യാത്രക്കാരും പ്രദേശവാസികളും.