വഴിവിളക്കുകളുടെ പണമടയ്ക്കാത്ത സംഭവത്തിൽ ഇന്ന് ചർച്ച നടക്കും
1492276
Friday, January 3, 2025 11:12 PM IST
അന്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ വഴിവിളക്കുകളുടെ പണമടയ്ക്കാത്ത സംഭവത്തിൽ ഇന്ന് ചർച്ച നടക്കും. രാവിലെ കളക്ടറേറ്റിൽ എച്ച്.സലാം എം എൽ എ, ജില്ലാ കളക്ടർ, കെഎസ്ഇബി അധികൃതർ എന്നിവരുമായാണ് ചർച്ച നടത്തുന്നത്.
പഞ്ചായത്തിൽ 15 കേന്ദ്രങ്ങളിലെ വഴിവിളക്കുകളുടെ ഹ്യൂസാണ് പണമടയ്ക്കാത്തതിന്റെ പേരിൽ കെഎസ്ഇബി ഊരിയത്. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. 2018ലെ 15 ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി കെഎസ്ഇബി പലതവണയായി പഞ്ചായത്തിന് കത്ത് നല്കിയിരുന്നു. ഈ തുക അടയ്ക്കാതെ വന്നതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം 15 കേന്ദ്രങ്ങളിലെ തെരുവുവിളക്കുകളുടെ ഫ്യൂസ് ഊരിയത്.
എന്നാൽ ഇക്കാലയളവിൽ എസ്റ്റിമേറ്റ് തുകയും റഗുലറൈസ് ഫീസും അടയ്ക്കണമെന്ന് കാട്ടി അന്നത്തെ ഭരണസമിതി പലതവണ നൽകിയ കത്തിന് കെഎസ്ഇ ബി മറുപടി നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് പറഞ്ഞു. കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ് പണമടയ്ക്കാൻ കഴിയാതെ വന്നത്. വർഷങ്ങൾക്കു ശേഷം ഈ പണം അടക്കാത്തതിന്റെ പേരിൽ ജനങ്ങളെ ഇരുട്ടിലാക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും സൈറസ് ആവശ്യപ്പെട്ടു. രാത്രി വൈകി എച്ച്. സലാം എംഎൽഎ സ്ഥലത്തെത്തി എ ഇയുമായി നടത്തിയ ചർച്ചയിൽ ഡിസ്കണക്ട് ചെയ്തവ രാത്രി തന്നെ പുനഃസ്ഥാപിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.