കൊല്ലം-തേനി ദേശീയപാത 183 ചെങ്ങന്നൂർ മുതൽ കോട്ടയം വരെ നാലുവരിപ്പാതയാകും
1491992
Thursday, January 2, 2025 10:56 PM IST
ചാരുംമൂട്: കൊല്ലം - തേനി ദേശീയപാത 183 നാലുവരി പാതയായി വികസിക്കുമ്പോള്‍ ദേശീയ പാതയുടെ ഭാഗമായ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് മുതല്‍ കോട്ടയം ഐഡ ജംഗ്ഷന് വരെയുള്ള എംസി റോഡിന്റെ ഭാഗവും 24 മീറ്ററില്‍ നാലുവരിപ്പാത ആകും. ഇതു സംബന്ധിച്ച് തത്വത്തില്‍ തീരുമാനമായി. നേരത്തെ കൊല്ലം കടവൂര്‍ മുതല്‍ ചെങ്ങന്നൂരിലെ ആഞ്ഞിലിമൂട് വരെയുള്ള ദൂരം 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി നിലവിലുള്ള പാത വികസിപ്പിക്കുവാന്‍ കൊല്ലം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് നിലവില്‍ എംസി റോഡിന്റെ ഭാഗമായ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് മുതല്‍ കോട്ടയം ഐഡാ ജംഗ്ഷന് വരെയുള്ള റോഡിന്റെ ഭാഗവും നാലുവരിയായി വികസിപ്പിക്കാനുള്ള പദ്ധതിയുമായി ദേശീയപാത വിഭാഗം മുമ്പോട്ടു പോകുന്നത്.
24 മീറ്റര്‍ റോഡ് വികസനത്തിന്റെ ഡിപിആര്‍ തയാറാക്കുവാനുള്ള ഏജന്‍സിയെ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍തന്നെ പുറപ്പെടുവിക്കും. ഈ ഭാഗത്തെ നിലവിലുള്ള റോഡ് നവീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 36 കോടി രൂപയുടെ പദ്ധതി അനുവദിച്ചിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
24 മീറ്റര്‍ വീതിയിലുള്ള റോഡില്‍ നാലുവരിപ്പാത, ഡിവൈഡര്‍, ഫുട്പാത്ത് യൂട്ടിലിറ്റി ഡക്ട് എന്നിവയും ഉണ്ടായിരിക്കും. സര്‍വേ ഘട്ടത്തില്‍ ഉയര്‍ന്ന വാഹന ഗതാഗതം രേഖപ്പെടുത്തുകയാണെങ്കില്‍ ഒരുപക്ഷേ നിലവില്‍ 16 മീറ്റര്‍ വീതിയുള്ള റോഡില്‍ 30 മീറ്റര്‍ വീതിയിലും വികസനം സാധ്യമായേക്കാം. റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമം അനുസരിച്ച് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം തന്നെ വസ്തു ഉടമകള്‍ക്ക് ലഭിക്കും.