വഴിവിളക്കുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
1491990
Thursday, January 2, 2025 10:55 PM IST
അമ്പലപ്പുഴ: കുടിശികയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടി പഞ്ചായത്തും കെഎസ്ഇബിയും. കുടിശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് പഞ്ചായത്തില്‍ 15 കേന്ദ്രങ്ങളിലെ വഴിവിളക്കുകളുടെ ഫ്യൂസ് കെഎസ്ഇബി ഊരിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരേ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചാണ് പഞ്ചായത്ത് പ്രതിഷേധിച്ചത്. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിന്റെ നേതൃത്വത്തിലാണ് പുന്നപ്ര കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്.
2018ലെ 15 ലക്ഷം രൂപ കുടിശിക അടയ്ക്കണമെന്ന് കാട്ടി കെഎസ്ഇബി നിരവധിത്തവണ പഞ്ചായത്തിന് കത്ത് കൈമാറിയിരുന്നു. എന്നാല്‍, പഞ്ചായത്ത് ഈ തുക അടച്ചില്ല. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം 15 കേന്ദ്രങ്ങളിലെ തെരുവു വിളക്കുകളുടെ ഫ്യൂസ് കെഎസ്ഇബി ഊരിയത്.
എന്നാല്‍, ഇക്കാലയളവില്‍ എസ്റ്റിമേറ്റ് തുകയും റഗുലറൈസ് ഫീസും അടയ്ക്കണമെന്ന് കാട്ടി അന്നത്തെ ഭരണസമിതി പലതവണ നല്കിയ കത്തിന് കെഎസ്ഇബി മറുപടി നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് കുറ്റപ്പെടുത്തി. മാത്രവുമല്ല കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണ് അക്കാലത്ത് പണമടയ്ക്കാന്‍ കഴിയാതെ വന്നതെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം ഈ പണം അടയ്ക്കാത്തതിന്റെ പേരില്‍ ജനങ്ങളെ ഇരുട്ടിലാക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നും സൈറസ് ആവശ്യപ്പെട്ടു. മറ്റ് 31 തെരുവ് വിളക്കുകളുടെ വൈദ്യുതി നിരക്കില്‍ ഇതുവരെ കുടിശിക വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ഷീജ, സതി രമേശന്, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും ഉപരോധത്തില്‍ പങ്കെടുത്തു. പുന്നപ്ര സിഐയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.