പാലം തകർച്ചാഭീഷണിയിൽ; യാത്രക്കാർ ദുരിതത്തിൽ
1450618
Wednesday, September 4, 2024 11:56 PM IST
അമ്പലപ്പുഴ: പാലം തകർച്ചാഭീഷണിയിലായതോടെ ദുരിതത്തിലായി യാത്രക്കാർ. പുറക്കാട് കിഴക്ക് തൈച്ചിറ പൊക്കപ്പാലമാണ് അപകടാവസ്ഥയിലായത്. ദേശീയപാതയിൽനിന്ന് പുറക്കാട് കിഴക്കോട്ട് കന്നിട്ടക്കടവ്, നൈച്ചിറ, ഇല്ലിച്ചിറ, കുന്നുമ്മ തുടങ്ങി നിരവധി പ്രദേശങ്ങളിലേക്കു പോകുന്ന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഏകമാർഗമാണിത്. വി. ദിനകരൻ എംഎൽഎ യായിരുന്ന കാലത്ത് നാലു പതിറ്റാണ്ട് മുൻപ് നിർമിച്ച പാലമാണിപ്പോൾ അപകടാവസ്ഥയിലായത്. പാലത്തിന്റെ ഇരുഭാഗത്തെയും കോൺക്രീറ്റ് ഇളകി കമ്പികളെല്ലാം പുറത്തുവന്നു.
യാത്രക്കാരുടെ ജീവനു ഭീഷണിയായതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. വലിയവാഹനങ്ങൾ പാലത്തിലൂടെ കടക്കരുതെന്ന് കാട്ടി പഞ്ചായത്ത് ഇവിടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരും മാത്രമാണ് ഇപ്പോൾ ഇതിലൂടെ സഞ്ചരിക്കുന്നത്.
സ്കൂൾ വാഹനങ്ങൾ പാലത്തിന്റെ 500 മീറ്റർ പടിഞ്ഞാറെത്തി കുട്ടികളുമായി തിരിച്ചുപോകുകയാണ്. താത്കാലിക ഗതാഗത സംവിധാനമൊരുക്കിയശേഷം പാലം പൊളിച്ച് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.