സർക്കാർ ഭൂമിയിലെ മണലെടുപ്പ്: കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളി
1450616
Wednesday, September 4, 2024 11:56 PM IST
അമ്പലപ്പുഴ: സർക്കാർ വക കെട്ടിടനിർമാണത്തിന് സർക്കാർ ഭൂമിയിലെ മണലെടുത്ത്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയെന്ന് ആക്ഷേപം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പിജി ക്വാർട്ടേഴ്സിന് വടക്ക് ഭാഗത്തു നിർമിക്കുന്ന കെട്ടിടത്തിനാണ് ഇവിടന്നുതന്നെ മണലെടുക്കുന്നത്. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സർവീസസ് കോർപറേഷനു കീഴിലുള്ള മരുന്ന് സംഭരണശാല കെട്ടിടമാണ് ഇവിടെ നിർമിക്കുന്നത്.
ഇതിനായി നിലവിലെ ചുറ്റുമതിലിനോട് ചേർന്ന് ആഴത്തിൽ കുഴിയെടുത്ത് ഇവിടെനിന്നുള്ള മണലാണ് കെട്ടിടത്തിന്റെ ഫൗണ്ടേഷനായി ഉപയോഗിച്ചിരിക്കുന്നത്. കുഴിയെടുത്ത ഭാഗം വലിയ കുളമായി മാറിയിരിക്കുകയാണ്. നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ വടക്കു ഭാഗത്തും ഇതേ രീതിയിൽ കുഴിയെടുത്താണ് ഫൗണ്ടേഷനുള്ള മണ്ണ് നിറയ്ക്കുന്നത്.
ആശുപത്രിയുടെ മറ്റൊരു ഭാഗത്ത് കുഴിയെടുത്ത് ഇവിടെനിന്നുള്ള മണൽ ടിപ്പറിലെത്തിച്ചാണ് ഇവിടത്തെ കുഴി നിറയ്ക്കുന്നത്. പൊതു മരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ലക്ഷങ്ങൾ വില പിടിപ്പുള്ള മണൽ ഇവിടെനിന്നു തന്നെ എടുക്കുന്നത്. കരാർ കമ്പനിയും ഉദ്യോഗസ്ഥരും തമ്മിലുള്ള പകൽക്കൊള്ളയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.