പൈലറ്റ് വിപിന്‍ ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി
1450615
Wednesday, September 4, 2024 11:56 PM IST
മാവേലിക്കര: ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാപ്രവര്ത്തനത്തിനനെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗിനിടെ കടലില്‍ പതിച്ച് മരിച്ച മലയാളി പൈലറ്റ് കണ്ടിയൂര്‍ പറക്കടവ് നന്ദനത്തില്‍ വിപിന്‍ ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി.
വൈകിട്ട് ആറരയോടെ കണ്ടിയൂര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. മകന് സെനിത്ത് ചിതയ്ക്കു തീകൊളുത്തി. കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ ഡിസ്ട്രിക്ട് കമാന്‍ഡര്‍ ഡിഐജി എന്‍. രവിയുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു.
വീട്ടിലും ശ്മശാനത്തിലും കോസ്റ്റ് ഗാര്‍ഡും കേരള പോലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി കളക്ടര്‍ ഡി.സി. ദിലീപ് കുമാര്‍, തഹസീല്‍ എം. ബിജുകുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ കെ. സുരേഷ്ബാബു, ജി. ബിനു, നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കം നുറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
എയര്‍ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥന് പരേതനായ ആര്. സി. ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനാണ് വിവിന് ബാബു. പാലക്കാട് പുത്തന്‍വീട്ടില്‍ മേജര്‍ ശില്പയാണ് ഭാര്യ. ഇവര്‍ ഡല്‍ഹിയില്‍ മിലിട്ടറി നഴ്സാണ്. അഞ്ചുവയസുകാരന് സെനിത് മകനാണ്.
കുടുംബസമേതം ഡല്‍ഹിയില്‍ താമസിച്ചിരുന്ന വിപിന്‍ രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. തിങ്കള്‍ രാത്രിയായിരുന്നു അപകടം. അച്ഛന് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായതിനാല്‍ കേരളത്തിനു പുറത്തായിരുന്നു പഠനം. കോസ്റ്റ് ഗാര്‍ഡില്‍ ജോലി കിട്ടിയശേഷം സമയം ലഭിക്കുമ്പോള്‍ നാട്ടിലെത്തിയിരുന്നു.
മൂന്നുമാസം മുന്‍പാണ് അവസാനമായി നാട്ടിലെത്തിയത്. കമാന്‍ഡന്റ് കുനാല്‍, ടെക്നിക്കല്‍ സ്റ്റാഫ് സുനില്‍ ടോട്ല വിപിന്‍ എന്നിവരാണ് അന്ന് രക്ഷപ്പെട്ടത്. പോര്‍ബന്തറില്‍ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാന്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം.
മൂന്നാം തവണയും മരണത്തെ ധീരതയോടെ നേരിട്ട പൈലറ്റ്
മാവേലിക്കര: ഗുജറാത്തിലെ പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തവേ കടലിൽ പതിച്ച് പൊലിഞ്ഞത് അപകടങ്ങൾക്കു മുന്നിൽ ധീരതയോടെ നിന്ന കണ്ടിയൂരിന്റെ സ്വന്തം പൈലറ്റ്.
തീരസംരക്ഷണസേന സീനിയർ ഡപ്യൂട്ടി കമൻഡാന്റ് മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) കോസ്റ്റ്ഗാർഡിന്റെ മികച്ച പൈലറ്റ് ആയാണ് അറിയപ്പെടുന്നത്. അപകടങ്ങളിൽ വിപിന്റെ മനഃസാന്നിധ്യം മൂലം നിരവധി ജീവൻ രക്ഷിച്ച സംഭവവും ഉണ്ട്. 2023 മാർച്ച് 26നു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നിലത്ത് ഇടിച്ചിറക്കി കോപ്റ്ററിൽ ഉണ്ടായിരുന്നവരുടെ ജീവൻ രക്ഷിച്ചിരുന്നു.
കമൻഡന്റ് കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ടോട്ല, പൈലറ്റായ വിപിൻ എന്നിവരാണ് അന്ന് രക്ഷപ്പെട്ടത്. മനഃസാന്നിധ്യം കൈവിടാതെ റൺവേയിൽനിന്ന് അൽപം നീക്കി ഹെലികോപ്റ്റർ ഇടിച്ചിറക്കി രക്ഷ ഉറപ്പാക്കാൻ വിപിനു കഴിഞ്ഞതാണ് അന്നു രക്ഷയായത്. കൊച്ചിയിലെ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിനു ശേഷം വീട്ടിലെത്തിയപ്പോൾ ഇതു രണ്ടാം തവണയാണു താൻ രക്ഷപ്പെടുന്നതെന്നു പറഞ്ഞതായി ബന്ധുക്കൾ ഓർക്കുന്നു.
മൂന്നാം തവണ ഉണ്ടായ അപകടം വിപിന്റെ പറക്കാനുള്ള മോഹത്തിന് അറബിക്കടലിൽ തിരശീല വീഴ്ത്തി. കഴിഞ്ഞദിവസമാണ് ഹെലികോപ്റ്റർ അപകടം നടന്നു വിപിനെ കാണാതായ വിവരം കണ്ടിയൂരിലെ വീട്ടിൽ അറിഞ്ഞത്. പോർബന്തറിൽ ഹരിലീല എന്ന മോട്ടർ ടാങ്കറിൽനിന്നു പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണു ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തിയത്.