വിദ്യാർഥി സൗഹൃദ പ്രൈവറ്റ് ബസ് സർവീസിന് ജില്ലയിൽ തുടക്കം
1450614
Wednesday, September 4, 2024 11:56 PM IST
ആലപ്പുഴ: വിദ്യാർഥി സൗഹൃദ പ്രൈവറ്റ് ബസ് സർവീസിന് ജില്ലയിൽ തുടക്കമായി. വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ജില്ലാ നിയമ സേവന അഥോറിറ്റി, മോട്ടോർ വാഹനവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ലാ നിയമ സേവന അഥോറിറ്റി തയാറാക്കിയ വിദ്യാർഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസുകളിൽ പതിപ്പിച്ചു തുടങ്ങി.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വിദ്യാർഥി സൗഹൃദ ബസ് സർവീസ് സ്റ്റിക്കർ ആർടിഎ ബോർഡ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിലെ ജനങ്ങൾ സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നവരാണ്. ആ സൗഹൃദ മനോഭാവം കുട്ടികൾക്കുകൂടി നൽകണമെന്നും അതിനുള്ള അവസരമായി ഇതിനെ കാണണമെന്നും പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ പറഞ്ഞു.
സൗഹൃദ സർവീസ്
കുട്ടികളുടെ മാനസികവും കായികവുമായ ഉല്ലാസത്തിനുള്ള കാര്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണെന്നും അതോടൊപ്പം ഇത്തരം പരിപാടിയിലൂടെ അവരുടെ സുരക്ഷയ്ക്കുകൂടി പരിഗണന നൽകുകയാണെന്നും ആർടിഎ ബോർഡ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ചടങ്ങിൽ സിവില്‍ ജഡ്ജിയും ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി സന്നിഹിതനായി. ജില്ലാ നിയമസേവന അഥോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻഎഎൽഎസ്എ സ്കീം 2015ൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ യാതൊരുവിധ അസൗകര്യവും ഉണ്ടാകാത്തിരിക്കുകയാണ് ലക്ഷ്യം.
റിവാർഡ് നൽകും
ആദ്യഘട്ടമായി സിറ്റി സർവീസുകളിലാണ് സ്റ്റിക്കറുകൾ പതിപ്പിക്കുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ഏഴുവരെ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നകാര്യം സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുവർഷക്കാലം ഇവ നിരീക്ഷിക്കും.
ഏറ്റവും സൗഹൃദപരമായി സർവീസ് നടത്തുന്ന ബസുകൾക്ക് റിപ്പബ്ലിക് ദിനത്തിൽ റിവാർഡ് നൽകും. ചടങ്ങിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എ.കെ. ദിലു, എഡിഎം ഇൻചാർജ് ദിലീപ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ആർ. തമ്പി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ബിജോയ്, എംവിഐ അനിൽകുാർ, എ.എംവികെ രഞ്ജിത്ത്, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ആർടിഒ ഉദ്യോഗസ്ഥർ, എൻസിസി കേഡറ്റുകൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളും ബസ് ജീവനക്കാരും പരസ്പരം സഹകരണത്തോടെ പെരുമാറി പരിപാടി വിജയിപ്പിക്കാൻ ആർടിഒ അഭ്യർഥിച്ചു.