നവജാതശിശുവിനെ കൊന്നു കുഴിച്ചിട്ട സംഭവം: കാമുകനും യുവതിയും റിമാന്‍ഡിൽ
1450387
Wednesday, September 4, 2024 5:53 AM IST
ചേര്‍ത്തല: ജനിച്ച് അഞ്ചുദിവസം പിന്നിട്ടപ്പോള്‍ നവജാതശിശുവിനെ കൊന്ന് കാമുകന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ പോലീസിന്റെ പിടിയിലായ കാമുകനെയും യുവതിയെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ (35), കാമുകന് പല്ലുവേലി പണിക്കാശേ രി റോഡില്‍ രാജേഷ്ഭവനത്തില്‍ രതീഷ് (38) എന്നിവരാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്. ആശയും രതീഷും അകന്ന ബന്ധുക്കള്‍ കൂടിയാണ്.
കല്ലറ മുണ്ടാർ സ്വദേശിനിയായ ആശ വിവാഹിതയായാണു പല്ലുവേലിയിൽ എത്തിയത്. രണ്ടു കുട്ടികളുണ്ട്. രതീഷിന് ഒരു കുട്ടിയുമുണ്ട്.
പോലീസ് പറയുന്നത്
ആശയുടെ അകന്ന ബന്ധുവാണ് രതീഷ്. ഇരുവരും വിവാഹിതരും വേറെ കുടുംബമായി കഴിയുന്നവരുമാണ്. കഴിഞ്ഞ 26നായിരുന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആശയുടെ പ്രസവം.
ഭർത്താവിനും അടുത്ത ബന്ധുക്കൾക്കും ഇവര്‍ തമ്മിലുള്ള അവിഹിതബന്ധം അറിയാമായിരുന്നുവെന്നു പോലീസ് പറഞ്ഞു. വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാൽ ഇവരാരും സഹകരിച്ചിരുന്നില്ല. ആശുപത്രിയില്‍ നിന്നു വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ പിറ്റേന്നാണ് ആശുപത്രി വിട്ടത്.
അപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലേക്കു പോകും വഴി കുട്ടിയെ രതീഷിനു കൈമാറുകയായിരുന്നു.
രതീഷ് വീട്ടിലെത്തിച്ചു കൊലപ്പെടുത്തി
നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന സൂചന ലഭിച്ചതോടെ ആശയുടെ ആൺ സുഹൃത്ത് രതീഷിന്റെ വീട് പരിശോധിക്കാൻ പോലീസ് തീരുമാനിച്ചതു നിർണായകമായി. കുഞ്ഞിനെ അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്നതിനെ തുടർന്നു പോലീസ് വേഗം യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിനെ രതീഷിനെ ഏൽപിച്ചെന്നു പറഞ്ഞതോടെ രതീഷിനെ കസ്റ്റഡിയിൽ എടുക്കാനും വീടും പരിസരവും പരിശോധിക്കാനും പോലീസ് തീരുമാനിച്ചു.
രതീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആശയുടെ ഫോണിൽനിന്നു പോലീസ് രതീഷിനെ ആശയുടെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു രതീഷ് സമ്മതിച്ചത്. കൊലപാതകം, ജനന വിവരം മറച്ചുവച്ചു, തെളിവു നശിപ്പിക്കൽ എന്നിവയ്ക്കാണു കേസെടുത്തത്.
ചുരുളഴിച്ചത് ആശാപ്രവർത്തക
നവജാത ശിശുവിന്റെ ക്രൂരമായ കൊലപാതകം പുറത്തുവന്നത് ആശാപ്രവർത്തക തൃപുരേശ്വരിയിലൂടെയാണ്. പ്രസവം കഴിഞ്ഞ് ആശ വീട്ടിലെത്തിയത് അറിഞ്ഞെത്തിയ ആശാപ്രവർത്തകരോട് തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്കു കുഞ്ഞിനെ ദത്തു നൽകിയെന്നാണ് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ തൃപുരേശ്വരി വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനു കൈമാറി. ആശയിൽനിന്ന് രതീഷ് കുഞ്ഞിനെ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവെന്ന് പറഞ്ഞ് ആശുപത്രിയില്‍
ആശ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ രതീഷ് ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞിരുന്നു. ആശുപത്രിയിൽ ഒപ്പം പോയിരുന്നതും ചെലവുകൾ വഹിച്ചിരുന്നതും പൂക്കട നടത്തുന്ന രതീഷാണ്.
31നു രാവിലെ 11നാണ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയെങ്കിലും പലയിടങ്ങളിലൂടെ യാത്ര ചെയ്തു രാത്രി എട്ടിനാണ് ആശയും രതീഷും പള്ളിപ്പുറത്തു നിന്നും പിരിയുന്നത്. ഈ സമയം ജീവനുള്ള കുഞ്ഞിനെ സഞ്ചിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീടുള്ള കാര്യം ചോദിച്ചപ്പോൾ നീ അറിയേണ്ടെന്നു രതീഷ് പറഞ്ഞതായി പോലീസിനോട് ആശ പറഞ്ഞു.
കരുതലും രക്ഷയായില്ല
ഗർഭിണിയാണെന്ന വിവരം പുറത്തു പറഞ്ഞാൽ നിങ്ങളുടെയെല്ലാം പേര് എഴുതിവച്ചശേഷം ജീവനൊടുക്കും എന്ന് ആശ ഭീഷണിപ്പെടുത്തിയതായി ആശാ പ്രവർത്തക വള്ളപ്പുരയ്ക്കൽ ത്രിപുരേശ്വരി പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ആശ ഭർത്താവും മകളുമൊത്ത് പല്ലുവേലിയിലെ വീട്ടിൽ താമസിക്കാൻ എത്തിയത്. മറ്റൊരിടത്തു വാടകയ്ക്കു കഴിയുകയായിരുന്നു ഇവർ.
ആശ ഗർഭിണിയാണെന്നറിഞ്ഞ് വിവരങ്ങൾ ശേഖരിക്കാനാണ് അവിടെ പോയതെന്നു ത്രിപുരേശ്വരി പറഞ്ഞു. എന്നാൽ കൃത്യമായ വിവരങ്ങളൊന്നും നൽകാതെ ആശ ഒഴിഞ്ഞുമാറി. ഗർഭിണി ആയിരിക്കാൻ സാധ്യതയില്ലെന്നാണ് ഇവരുടെ ഭർത്താവു പറഞ്ഞത്. വയറ്റിൽ മുഴയുണ്ടെന്നും വെള്ളം കെട്ടിക്കിടക്കുകയാണെന്നും മറ്റും ഇയാൾ പറഞ്ഞിരുന്നു.
സത്യം അറിയിക്കണമെന്ന് ആശയോട് ആവശ്യപ്പെട്ടപ്പോഴാണു ഗർഭിണിയാണെന്നു സമ്മതിച്ചത്. 24 നു തനിച്ച് ഓട്ടോയിലാണ് ആശുപത്രിയിൽ പോയതെന്നും 26നു പ്രസവിച്ചെന്നും ത്രിപുരേശ്വരി അറിഞ്ഞു. 27ന് ആശ ത്രിപുരേശ്വരിയെ ഫോണിൽ വിളിച്ചു പ്രസവകാര്യം അറിയിച്ചു. ഡിസ്ചാർജ് സമ്മറി ഉൾപ്പെടെ തരാം അതോടെ നിങ്ങളുടെ ഉത്തരാദിത്വം കഴിയില്ലേ എന്നും പറഞ്ഞു.
30ന് തനിച്ചാണ് ഓട്ടോയിൽ വീട്ടിൽ തിരിച്ചെത്തിയത്. ത്രിപുരേശ്വരിയും നഴ്സ് നിതയും ആശയെ കാണാനെത്തിയപ്പോൾ കുഞ്ഞിനെ മറ്റൊരാൾക്കു വളർത്താൻ കൊടുത്തെന്നും പേടി കാരണം ഉറക്കമില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും പറഞ്ഞ് സങ്കടപ്പെട്ടു. ഇത് വിശ്വസിക്കാതെ വന്നതിനാല്‍ വിവരം പഞ്ചായത്ത് അംഗം ഷിൽജ സലിമിനെ അറിയിച്ചു. ഷിൽജയാണു പോലീസിൽ അറിയിക്കുന്നത്.