പമ്പയുടെ തീരത്ത് കയര്‍ഭൂവസ്ത്രം: പ്രതീക്ഷയില്‍ പാണ്ടനാട്
1450384
Wednesday, September 4, 2024 5:53 AM IST
പാണ്ടനാട്: കരിങ്കല്ലിനു ബദലായി പമ്പയുടെ തീരത്ത് കയര്‍ഭൂവസ്ത്രം വിരിക്കാന്‍ ജലവിഭവവകുപ്പ്. കരിങ്കല്ലിന്റെ ലഭ്യത കുറഞ്ഞതോടെ നദീതീരങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള പദ്ധതി കാലങ്ങളായി ഇഴയുകയാണ്.
പമ്പ ഉള്‍പ്പെടെയുള്ള നദികളുടെ തീരം സംരക്ഷിക്കാന്‍ കരിങ്കല്ലിനു പകരം കയര്‍ഭൂവസ്ത്രം വിരിക്കുന്നതിനു മുന്‍ഗണന നല്കാന് ജലവിഭവവകുപ്പ് തീരുമാനിച്ചതോടെ പ്രതീക്ഷയിലാണു തീരത്തെ താമസക്കാര്‍. ചെലവു കുറവാണെന്നതും കയര്‍ ഭൂവസ്ത്രത്തിന് അധികയോഗ്യത നല്കുന്നു. ഇതുവരെ ഏക്കറുകണക്കിനു ഭൂമി തിട്ടയിടിഞ്ഞ് നഷ്ടമായതായി നാട്ടുകാര്‍ പറയുന്നു.
ഓരോ മഴക്കാലവും പാണ്ടനാട്ടില്‍ പമ്പയുടെ തീരത്തെ താമസക്കാര്‍ക്കു പേടിസ്വപ്നമാണ്. പമ്പയുടെ തീരത്ത് സംരക്ഷണഭിത്തി നിര്‍മിക്കാനായി തയാറാക്കിയ എട്ടു കോടിയുടെ പദ്ധതി ഫയലില്‍ ഉറങ്ങുമ്പോള്‍ പാണ്ടനാട്ടുകാര്ക്കു നഷ്ടപ്പെടുന്നത് അവരുടെ ഉറക്കമാണ്. പദ്ധതി അംഗീകാരം കാത്തു സര്‍ക്കാരിനു മുന്നിലെത്തിയിട്ടു നാളുകളായി. മുറിയായിക്കര, പാണ്ടനാട് പടിഞ്ഞാറ് ഭാഗങ്ങളില്‍ വന്‍തോതില്‍ തിട്ടയിടിച്ചില്‍ നേരിടുന്നുണ്ട്.
12, 13 വാര്‍ഡുകളിലെ അടിച്ചിക്കാവ് ക്ഷേത്രക്കടവ് മുതല്‍ കൊട്ടാരത്തില്‍കടവ് വരെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ വ്യാപകമായി തിട്ട ഇടിഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും വാര്‍ഡുകളിലും ഇതു കുറവല്ല. 2018 ലെ പ്രളയത്തിനു ശേഷം വന്‍തോതില്‍ തിട്ട ഇടിയുന്നതായാണ് ഇവരുടെ അനുഭവം.