പൈപ്പ് ലൈൻപൊട്ടി കുടിവെള്ളം പാഴാകുന്നു
1450383
Wednesday, September 4, 2024 5:53 AM IST
അന്പലപ്പുഴ: ദേശീയ പാതയോരത്ത് പൈപ്പ് ലൈൻ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. മാസങ്ങൾക്ക് മുൻപ് നിർമിച്ച റോഡും തകർന്നു. പരാതി നൽകി മടുത്ത് നാട്ടുകാർ. നീർക്കുന്നത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിന് വടക്കു ഭാഗത്തായാണ് പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് പ്രതിദിനം നൂറു കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതുതായി നിർമിച്ച റോഡിന്റെ മധ്യഭാഗത്തായാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയത്. രണ്ടു മാസത്തിനു മുൻപാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയത്.
തുടർന്ന് നാട്ടുകാർ പല തവണ വാട്ടർ അഥോറിറ്റിയെ വിവരം വിളിച്ചറിയിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പമ്പിംഗ് നടക്കുന്ന സമയത്ത് വൻതോതിലാണ് വെള്ളം പാഴാകുന്നത്. സമീപത്തെ കുറ്റിക്കാട്ടിലേക്കും കടകളുടെ മുന്നിലേക്കുമാണ് കുടിവെള്ളം ഒഴുകിയെത്തുന്നത്. മാസങ്ങൾക്കു മുമ്പ് നിർമിച്ച റോഡും വെള്ളം കെട്ടി നിന്ന് തകർന്നു. എന്നിട്ടും വാട്ടർ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകർ പറയുന്നത്. പണം മുടക്കി നാട്ടുകാർ കുടിവെള്ളം വാങ്ങി ഉപയോഗിക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥമൂലം ഇവിടെ കുടിവെള്ളം പാഴാകുന്നത്.