ജലതരംഗം ദീപങ്ങള്‍ തെളിച്ചു
1450381
Wednesday, September 4, 2024 5:53 AM IST
എടത്വ: ഗ്രീന്‍ കമ്യുണിറ്റി സ്ഥാപകന്‍ ആന്റപ്പന് അമ്പിയായം 50-ാം ജന്മദിനം ആന്റപ്പന് അമ്പിയായം സ്മാരകസമിതിയുടെയും കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ആചരിച്ചു. കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന് സമീപത്തുനിന്നു ശേഖരിച്ച ജലം എടത്വ പള്ളിക്കടവില്‍ പമ്പയാറ്റില്‍ ആന്റപ്പന് അമ്പിയായം സ്മാരക സമിതി ജനറല്‍ സെക്രട്ടറി ബില്‍ബി മാത്യു കണ്ടത്തില്‍ മണ്കൂജയില് നിന്നു പകര്‍ന്നു.
നദികളും തോടുകളും സംരംക്ഷിച്ച് അടുത്ത തലമുറയ്ക്ക് പരിശുദ്ധിയോട് നല്‍കണമെന്ന ലക്ഷ്യത്തിലൂന്നി ആന്റപ്പന് അമ്പിയായം ആരംഭിച്ച ജലതരംഗം പരിപാടിയുടെ തുടര്‍ച്ചയായി പമ്പയാറ്റില്‍ ജലതരംഗം ദീപങ്ങളും തെളിച്ചു. ആന്റപ്പന് നട്ടുപരിപാലിച്ചുവളര്ത്തിയ ചെടിയുടെ മരത്തണലില്‍ നടന്ന ചടങ്ങ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു.
സ്മാരക സമിതി പ്രസിഡന്റ് ഡോ. ജോണ്സണ് വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്സണ് മുഖ്യ സന്ദേശം നല്കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. ജയചന്ദ്രന്, കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര, സെക്രട്ടറി വിനോദ് വര്‍ഗീസ്, ജേക്കബ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.