യുവതിയെ മാനസികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
1450380
Wednesday, September 4, 2024 5:53 AM IST
തിരുവല്ല: വിവാഹാലോചനയെ ത്തുടർന്ന് പരിചയത്തിലായ യുവതിയെ മാനസികമായി പീഡിപ്പിച്ച കേസിൽ വള്ളംകുളം സ്വദേശി അറസ്റ്റിലായി. കൺസ്യൂമർഫെഡ് ചെങ്ങന്നൂർ ഷോപ്പ് മാനേജർ വള്ളംകുളം നന്ദനത്തിൽ വീട്ടിൽ പി. സുമേഷാണ് (46) അറസ്റ്റിലായത്.
ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന സുമേഷ് രണ്ടു വർഷം മുന്പാണ് യുവതിയെ പരിചയപ്പെടുന്നത്. ഭർത്താവ് മരിച്ചതും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയുടെ വിവാഹമോചന കേസ് നടന്നു വരുന്ന കാര്യം പറഞ്ഞാണ് വിവാഹം താമസിപ്പിച്ചത്.
മദ്യലഹരിയിൽ യുവതിയുടെ വീട്ടിലെത്തിയിരുന്ന സുമേഷ് യുവതിയെ മർദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസവും മദ്യപിച്ചെത്തിയ സുമേഷ് യുവതിയെ ഉപദ്രവിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് യുവതി തിരുവല്ല പോലീസിൽ നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ സുമേഷിനെ റിമാൻഡ് ചെയ്തു.