വഴിതിരിച്ചുവിട്ടു; റോഡ് ഒരു വഴിക്കായി
1450369
Wednesday, September 4, 2024 5:43 AM IST
പൂച്ചാക്കൽ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വലിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്ന അരൂക്കുറ്റി പാലത്തിൽ അപകടകരമായ കുഴികൾ. കൂടാതെ ഉയരപ്പാതയുടെ സർവീസ് റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയോളം ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും അരൂരിൽനിന്ന് അരൂക്കുറ്റി പാലം വഴിയാണ് കടത്തിവിട്ടത്.
ഇതേത്തുടർന്ന് മണിക്കൂറോളം അരൂക്കുറ്റി പാലത്തിൽ ഗതാഗതക്കുരുക്കും നേരിട്ടിരുന്നു. ദിവസേന ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അരൂക്കുറ്റി പാലത്തിൽ നിരവധി കുഴികളാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. ദിവസേന രാവിലെയും വൈകുന്നേരവും വ്യായമത്തിനായി കാൽനടയാത്ര ചെയ്യുന്നവർ നടപ്പാതയിലെ അപകടത്തിൽപ്പെട്ട് പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറി.
അരൂർ-അരൂക്കുറ്റി പാലത്തിൽ കുഴികൾ രൂപപ്പെട്ടതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ദുഷ്കരമായിരിക്കുന്നു. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞമാസം സിമന്റ് ഉപയോഗിച്ച് കുഴികളടച്ചെങ്കിലും ഒരുമാസം തികയുന്നതിന് മുൻപ് അവയെല്ലാം പൊളിഞ്ഞ് കമ്പികൾ പുറത്തേക്കു തള്ളി.
പാലത്തിന്റെ മേൽത്തട്ടിലെ കോൺക്രീറ്റ് പാളികൾ അടർന്ന് പല സ്ഥലങ്ങളിലും കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. ഇരുചക്രവാഹനങ്ങളടക്കം കുഴിയിൽ അകപ്പെട്ടും കമ്പിയിൽ ഉടക്കിയും അപകടത്തിൽപ്പെ ടുന്നത് പതിവാണ്. 2002 മാർച്ച് 26ന് ഉദ്ഘാടനം ചെയ്തതിനു ശേഷം പാലത്തിൽ കഴിഞ്ഞമാസം കുഴികൾ അടച്ചതല്ലാതെ യാതൊരുവിധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ലെന്ന് ആരോപണമുണ്ട്.
പാലത്തിന്റെ നടപ്പാതകളിൽ സ്ഥാപിച്ചിട്ടുള്ള കേബിൾ സ്ലാബുകളിൽ 14 എണ്ണം പൊട്ടിത്തകർന്ന് അപകടാവസ്ഥയിലാണ്. പെരുമ്പളം പാലത്തിന്റെ നിർമാണപ്രവൃത്തികൾ കൂടി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നതോടെ അരൂക്കുറ്റി പാലത്തിന്റെ പ്രാധാന്യം ഏറെ വർധിക്കും. ഈ സാഹചര്യത്തിൽ അടിയന്തരമായി അരൂക്കുറ്റി പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കും നാട്ടുകാർ നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കുണ്ടും കുഴിയും താണ്ടി യാത്ര
ഹരിപ്പാട്: കുമാരപുരം പഞ്ചായത്ത് ജംഗ്ഷനിൽനിന്നു കൂട്ടംകൈത മണികണ്ഠൻചിറ ഭാഗത്തേക്കുള്ള സർവീസ് റോഡ് പൊട്ടിപ്പൊളിഞ്ഞു കുണ്ടുംകുഴിയുമായി. വെള്ളക്കെട്ട് കൊണ്ട് നിറഞ്ഞ കുഴികളിൽ ഇരുചക്രവാഹനങ്ങളും മറ്റും ഇറങ്ങി അപകടം ഉണ്ടാകുന്നത് നിത്യസംഭവമാണ്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡ് അറ്റകുറ്റപ്പണികൾ പോലും നടത്തിയിട്ട് കാലങ്ങൾ ഏറെയായെന്ന് നാട്ടുകാർ പറയുന്നു. തൃക്കുന്നപ്പുഴ- കുമാരപുരം പഞ്ചായത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ റോഡ്. റോഡിന്റെ നിർമാണ ജോലികൾക്കായി പഞ്ചായത്തുകൾക്ക് നിർണായക തീരുമാനം എടുക്കാൻ കഴിയുമെങ്കിലും പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും മുഖം തിരിഞ്ഞുനിൽക്കുകയാണ്.
കവറാട്ട് ക്ഷേത്രത്തിനു കിഴക്കുഭാഗമാണ് ഏറെ തകർന്നത്. ഇവിടെ വലിയ വെള്ളക്കെട്ട് തന്നെ രൂപപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് ജംഗ്ഷനിൽനിന്നു കൂട്ടംകൈത-മണികണ്ഠൻചിറ ഭാഗത്തേക്കു നിരന്തരം ബസ് സർവീസുകളും മറ്റും ഉള്ളതാണ്. എന്നാൽ, അടുത്തസമയത്ത് റോഡിന്റെ ശോച്യാവസ്ഥകാരണം പലസർവീസുകളും നിർത്തലാക്കി.
കുമ്പളങ്ങി റോഡും തകർന്നു
തുറവൂർ: തിരക്കേറിയ തുറവൂർ-കുമ്പളങ്ങി റോഡ് തകർന്ന് തരിപ്പണമായി. റോഡിലെ വൻകുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ തിരിച്ചുവിടുന്നത് ഈ റോഡിലൂടെയാണ്. കൂടാതെ നിരവധി കെഎസ്ആർടിസി, സ്വകാര്യബസുകളും സർവീസ് നടത്തുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ടാറിംഗ് നടത്താതെ കുഴിയടയ്ക്കൽ നാടകം മാത്രമാണ് നടക്കുന്നത്.
എട്ടുവർഷം മുമ്പാണ് തുറവൂർ-കുമ്പളങ്ങി റോഡിൽ അവസാനമായി ടാറിംഗ് നടത്തിയത്. കുറച്ചുകാലങ്ങൾക്കുശേഷം തകർന്നു തുടങ്ങിയ റോഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. തകർച്ചയിലായ റോഡിൽ മാസങ്ങൾക്ക് മുൻപ് രൂപപ്പെട്ട കുഴികൾ കാലവർഷം ആരംഭിച്ചതോടെ ഇരട്ടിയിലധികമായി. ചിലയിടങ്ങളിൽ റോഡിന്റെ ഭാഗം ഇടിഞ്ഞുതാഴുന്നുണ്ട്. കഴിഞ്ഞയിടെ ചില കുഴികൾ സിമന്റ് മിശ്രിതം ഇട്ട് അടച്ചുവെങ്കിലും മടയിൽ ഇവയെല്ലാം ഒലിച്ചുപോകുകയും നിലവിൽ കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
കുഴികളിൽ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റുമ്പോൾ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ദിവസവും നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്.
തുറവൂർകവലയ്ക്കു പടിഞ്ഞാറു ഭാഗത്തായി വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ടി ഡി കവലയിൽ വെള്ളക്കെട്ടു പരിഹരിക്കുവാനായി റോഡിൽ ടൈൽ കട്ടകൾ പാകിയതിന്റെ ഇരുവശവും റോഡ് പൂർണമായും തകർന്ന് വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. നാലുകുളങ്ങര മുതൽ എരമല്ലൂർ വരേയും കുമ്പളങ്ങി വരേയും ആളെ കൊല്ലുന്ന നൂറുകണക്കിന് കുഴികളാണ് ഉള്ളത്. അടിയന്തരമായി തുറവൂർ - കുമ്പളങ്ങി - എരമല്ലൂർ റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.