അന്വേഷണം എങ്ങനെയെന്ന് വ്യക്തമാക്കണം: റീഗോ രാജു
1450368
Wednesday, September 4, 2024 5:43 AM IST
ആലപ്പുഴ: നഗരസഭയിലെ താത് കാലിക ജീവനക്കാരനെ അന്വേഷണ വിധേയമായി മാറ്റിനിർത്തുന്നു എന്ന് പറയുമ്പോൾ ഏതുതരത്തിലുള്ള അന്വേഷണമാണെന്ന് പറയാനുള്ള ബാധ്യതയും ചെയർപേഴ്സണ് ഉണ്ടെന്ന് പ്രതിപക്ഷനേതാവ് റീഗോ രാജു പറഞ്ഞു. പോലീസ് അന്വേഷിക്കേണ്ട കേസാണിത്.
നടപടി സ്വീകരിക്കാൻ പോലീസിലേക്ക് കത്ത് നൽകാൻ നഗരസഭാ ചെയർപേഴ്സൺ തയാറാവണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചത്. ജാമ്യം ഇല്ലാ വകുപ്പു പ്രകാരം ജയിലിൽ പോകുമായിരുന്ന ഒരു കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള സംരക്ഷണം നൽകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങളായ സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, അമ്പിളി അരവിന്ദ്, പി.ജി. എലിസബത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് നഗരസഭാ മാർച്ച്
ആലപ്പുഴ: നഗരസഭ പിൻവാതിൽ നിയമനങ്ങൾ നിർത്തലാക്കുക, ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ച നഗരസഭ താത്കാലിക ജീവനക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നഗരസഭ മാർച്ച് സംഘടിപ്പിച്ചു.
ടൗൺഹാൾ നിർമാണത്തിനായി ഒൻപതു ശതമാനം പലിശയിൽ 15 കോടി രൂപ വായ്പ എടുക്കുവാനുള്ള നഗരസഭാ ഭരണാധികാരികളുടെ നീക്കം അവസാനിപ്പിക്കുക, ശതാബ്ദി മന്ദിരം നിർമാണം പൂർത്തീകരിക്കുക, മാലിന്യസംസ്കരണം ശരിയായ നിലയിൽ നടപ്പാക്കുക, നഗരത്തിലെ താറുമാറായ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അമിത നികുതി വർധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചുകൊണ്ടായിരുന്ന സമരം.
നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ അധ്യക്ഷത വഹിച്ചു. ഷാഹുൽ ജെ. പുതിയപറമ്പിൽ, സി.വി. മനോജ് കുമാർ, കെ.എ. സാബു, ബഷീർ കോയാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.