കളഞ്ഞുകിട്ടിയ പഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി പാലിയേറ്റീവ് പ്രവർത്തകർ
1450367
Wednesday, September 4, 2024 5:43 AM IST
അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ പഴ്സും പണവും ഉടമയ്ക്കു തിരികെ നൽകി പാലിയേറ്റീവ് പ്രവർത്തകർ. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ചേതന പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോ-ഓർഡിനേറ്റർ വി. രാജൻ, നഴ്സ് പ്രീതിമോൾ എന്നിവരാണ് പഴ്സും പണവും ഉടമയ്ക്കു നൽകി മാതൃകയായത്.
ദേശീയപാതയോരത്ത് കളർകോട് ചിന്മയ സ്കൂളിനു സമീപത്ത് രോഗീസന്ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ തിങ്കൾ രാവിലെ 9നാണ് ഇരുവർക്കും പഴ്സ് കിട്ടിയത്. 5000 രൂപ, ആധാർ കാർഡ്, പാൻ കാർഡ് മാറ്റ് വിലപ്പെട്ട രേഖകൾ ഉൾപ്പെടെ പഴ്സിലുണ്ടായിരുന്നു. സമീപത്ത് ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇത് പുന്നപ്ര സ്റ്റേഷനിൽ ഹാജരാക്കി.
പഴ്സിൽനിന്നു ലഭിച്ച ആധാർ കാർഡിലെ മേൽവിലാസത്തിൽ അന്വേഷണം നടത്തിയ പോലീസ്, തിരുവമ്പാടി കുതിരപ്പന്തി കോനാട്ട് വീട്ടിൽ ജി. ഷൈജുവിന്റേതാണ് പഴ്സ് എന്ന് കണ്ടെത്തി. തടിക്കച്ചവടക്കാരനായ ഷൈജു കച്ചവടത്തിനായി കരുതിയ പണമായിരുന്നു. പിന്നീട് ഷൈജു സ്റ്റേഷനിലെത്തി രാജനിൽ നിന്ന് പഴ്സ് ഏറ്റുവാങ്ങുകയായിരുന്നു.