കെപി റോഡിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നിരവധി പേർക്കു പരിക്ക്
1450365
Wednesday, September 4, 2024 5:43 AM IST
ചാരുംമൂട്: കെപി റോഡിൽ സ്വകാര്യബസും കാറും ബൈക്കും ഉൾപ്പടെ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ച ആൾ മരിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെ നിരവധിപേർക്കു പരിക്കേറ്റു. കാർ ഡ്രൈവർ ശൂരനാട് ശ്രീഭവനത്തിൽ ശ്രീരാജ് (43 ) ആണ് മരിച്ചത്. ബൈക്ക് യാത്രികൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.30 ഓടെ കറ്റാനം വെട്ടിക്കോടിന് സമീപം ആയിരുന്നു അപകടം.
കായംകുളത്തുനിന്നും എത്തിയ അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഹരിശ്രീ ബസും കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.