കീടനിയന്ത്രണ പരിശീലനവുമായി ക്രിസ്-ഇൻഫാം
1450364
Wednesday, September 4, 2024 5:43 AM IST
മാമ്പുഴക്കരി: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായത്തിൽ കർഷക പരിശീലനവുമായി ക്രിസ് -ഇൻഫാം. മാമ്പുഴക്കരി ക്രിസ് സെന്ററിൽ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു കാർഷിക പരിശീലന ക്ലാസ് നടന്നു. കൃഷിയിടങ്ങളിൽ കാണപ്പെടുന്ന ശത്രുകീടങ്ങൾ ഏവയെന്നും അവയുടെ നിയന്ത്രണം എങ്ങനെയെന്നും ക്ലാസിൽ വിശദീകരിച്ചു.
സർക്കാരുമായി യോജിച്ചു പ്രവർത്തിച്ച് ഗുഡ് അഗ്രിക്കൾചർ പ്രാക്ടീസ് കുട്ടനാട്ടിൽ പ്രാവർത്തികമാക്കിയാൽ പുതിയ കാർഷിക വിപ്ലവം സാധ്യമാക്കാൻ കഴിയുമെന്ന ലക്ഷ്യത്തിൽ ക്രിസ് -ഇൻഫാം പ്രവർത്തക സമിതിയുടെ മേൽനോട്ടത്തിൽ ജൂൺ 26ന് പ്രാരംഭ ക്ലാസ് ആരംഭിച്ചിരുന്നു. ആദ്യം അപേക്ഷിച്ചിരുന്ന 75 പേരാണ് തുടർ പരീശീലനത്തിനായി എത്തുന്നത്. 18ന് നടക്കുന്ന ക്ലാസോടെ മൂന്നുമാസങ്ങളിലായി ചൊവ്വാഴ്ചകളിൽ നടന്നുവന്ന പരിശീലന പരിപാടി സമാപിക്കും.
പങ്കെടുക്കുന്ന കർഷകർക്കായി ഇന്നു നടന്ന ക്ലാസിൽ നെല്ലു ഗവേഷണ കേന്ദ്രം എന്റമോളജി അസിസ്റ്റന്റ് പ്രഫസർ ഡോ. ജ്യോതി സാറ ജേക്കബ് ക്ലാസും സംശയനിവാരണവും നടത്തി. ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് പദ്ധതി വിശദീകരിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ, പിആർഓ ടോം ജോസഫ് ചമ്പക്കുളം, സേവിച്ചൻ പി.ജെ, ജോർജ് വാച്ചാപറമ്പിൽ, വർഗീസ് എം.കെ, ജോസി ഡൊമിനിക് തേവേരിക്കളം, ജിജി മൈക്കിൾ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം വഹിച്ചു.