ആലപ്പുഴ ജില്ലാക്കോടതി പാലം ഈ മാസംതന്നെ പണിതുടങ്ങും
1443789
Sunday, August 11, 2024 2:28 AM IST
ആലപ്പുഴ: നഗരഹൃദയത്തില്‍ വാസ്തുശില്പ മാതൃകയില്‍ പുനര്‍നിര്‍മിക്കുന്ന ജില്ലാ കോടതിപ്പാലത്തിന്റെ പണിക്കു വേഗമാകുന്നു. ഈ മാസം തന്നെ പണി തുടങ്ങും. ആദ്യഘട്ടത്തില്‍ നിലവിലെ ബോട്ടുജെട്ടി മാറ്റി സ്ഥാപിക്കലായിരിക്കും നടത്തുക.
മാതാ ബോട്ടുജെട്ടിയുടെ സമീപം അത്യാവശ്യ സൗകര്യങ്ങളോടെ താത്കാലിക ബോട്ടുജെട്ടിയുണ്ടാക്കും. തുടര്‍ന്നാണ് നിലവിലുള്ള പൈതൃകബോട്ടുജെട്ടി പൊളിക്കുക. ടെന്‍ഡര്‍ ഉറപ്പിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി അടുത്തയാഴ്ച കരാര്‍ ഒപ്പുവയ്ക്കും. ഇതിനു മുന്നോടിയായി രൂപരേഖ അനുസരിച്ചുള്ള സ്ഥലവും മറ്റുള്ള സൗകര്യങ്ങളും കൃത്യമായി ഉണ്ടോയെന്ന് പരിശോധിക്കുന്ന സര്‍വേ പകുതിയായി.
കെട്ടിടവും കല്പടവുകളും മേല്‍ക്കൂരയും ബോട്ടുകള്‍ വലിച്ചുകെട്ടുന്ന ഇരുമ്പുകൊളുത്തുകളും തുടങ്ങി വിവിധ പൈതൃകക്കാഴ്ചകള്‍ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ ബോട്ടുജെട്ടി. ആധുനിക ബോട്ടുജെട്ടികൂടി തത്സ്ഥാനത്ത് പണിയുന്നതാണു പദ്ധതി. അതുവരെ താത്കാലിക ജെട്ടിയില്‍ ബോട്ടുകള്‍ പിടിക്കും. ഈ പ്രവൃത്തിക്കള്ക്കൊപ്പം പാലത്തിനായുള്ള പൈലിംഗും ആരംഭിക്കും.
പദ്ധതിയുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയായെങ്കിലും കനാല്‍ക്കരയിലെ മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റാനായിട്ടില്ല. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുസംബന്ധിച്ചും തര്‍ക്കമുണ്ട്. കടകള്‍ 90 ശതമാനം പൊളിച്ചുമാറ്റിയെങ്കിലും സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാരം പോരെന്നു ചൂണ്ടിക്കാട്ടി കുറച്ചുകച്ചവടക്കാര് ഹൈക്കോടതിയെ സമീപിച്ച കേസിന്റെ ഹിയറിംഗ് നടക്കുകയാണ്. ആലപ്പുഴ നഗരസഭ ഇവര്‍ക്കായി ഇഎംഎസ് സ്റ്റേഡിയത്തില്‍ താത്കാലിക പുനരധിവാസം നല്കാന് തീരുമാനിച്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
തെക്കേക്കരയില്‍ പുറമ്പോക്ക് ഭൂമിയില്‍ നഗരസഭയുടെ കെട്ടിടങ്ങളില്‍ കച്ചവടം ചെയ്യുന്ന ഉപ്പേരിവ്യാപാരികള് ഒഴിഞ്ഞുകൊടുത്തിട്ടില്ല. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവിടത്തെ 16 വ്യാപാരികളുടെ ആവശ്യം.
പോലീസ് ഔട്ട്പോസ്റ്റും പൊളിക്കും. താത്കാലിക ഗതാഗതത്തിനു റോഡ് നിര്‍മിക്കും. പാലത്തിനോട് ചേര്‍ന്നുള്ള ഇരുമ്പു പാലവും പൊളിക്കും. പൊളിച്ചുമാറ്റാന്‍ പോകുന്ന ഇരുമ്പു നടപ്പാലത്തിന്റെ തകിട് ദ്രവിച്ച നിലയിലായതിനാല്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഇതുവഴിയുള്ള യാത്ര നിരോധിച്ച് ഇരുവശവും ടിന്‍ഷീറ്റ് കെട്ടിമറച്ചു. 21ന് പരിഗണിക്കുന്ന കേസില്‍ നഷ്ടപരിഹാരവും പുനരധിവാസവുംനല്കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.