ശുദ്ധജലവിതരണ കുഴല്‍ പൊട്ടി; ഏഴുവരെ കുടിവെള്ള വിതരണം മുടങ്ങും
1442017
Sunday, August 4, 2024 10:37 PM IST
ചേര്‍ത്തല: ദേശീയപാത പ്രവര്‍ത്തനങ്ങള്‍ക്കിടെ മായിത്തറയില്‍ പ്രധാന കുടിവെള്ളക്കുഴല്‍ പൊട്ടി.
തൈക്കാട്ടുശേരി ശുദ്ധീകരണശാലയില്നിന്നുളള 700 എംഎം പൈപ്പാണ് പൊട്ടിയത്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നാലുദിവസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഇതേത്തുടര്‍ന്ന് കഞ്ഞിക്കുഴി, മുഹമ്മ, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളില്‍ പൂര്‍ണമായും ചേര്‍ത്തല നഗരസഭ, പള്ളിപ്പുറം, തണ്ണീര്‍മുക്കം പഞ്ചായത്തുകളില്‍ ഭാഗികമായും ശുദ്ധജല വിതരണം ഏഴുവരെ മുടങ്ങും. പലവിധ കാരണങ്ങളാല്‍ കൃത്യമായ ഇടവേളകളില്‍ കുടിവെള്ള വിതരണം മുടങ്ങുന്നത് ജനങ്ങളെ വലക്കുകയാണ്.
ദേശീയപാതയില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ നിരന്തരം ശുദ്ധജല വിതരണ കുഴല്‍ പൊട്ടിയിരുന്നതാണ്.
ചേര്‍ത്തലയില്‍ ശുദ്ധജല വിതരണം മുടങ്ങുന്നത് പതിവായത് ജനങ്ങളുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.