ആവേശത്തിനു പിന്നിലെ ആവലാതികൾ
1441728
Sunday, August 4, 2024 1:21 AM IST
ആലപ്പുഴ: വയനാടിന്റെ വിലാപം പുന്നമടക്കായലിലെ വള്ളംകളിയാവേശത്തിനു പിന്നിലും അലയടിക്കുന്നു. 10നു നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ ക്ലബ്ബുകള്‍ പണത്തിനായി വിഷമിക്കുന്നു. പലരും പരിശീലന ക്യാന്പുകള്‍ പിരിച്ചുവിട്ടു തുടങ്ങി. ക്യാന്പ് പിരിച്ചുവിടുമ്പോള്‍ തുഴച്ചിലുകാര്‍ക്ക് ഇതുവരെയുള്ള വേതനം നല്‍കാനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയുള്ളവർ മാത്രമാണു ക്യാന്പ് പൂര്‍ണമായി പിരിച്ചുവിടാത്തത്. ഓഗസ്റ്റില്‍ തന്നെ വള്ളംകളി നടത്തിയിരുന്നെങ്കിൽ അത്രയും ആശ്വാസം എന്നാണ് അവർ പറയുന്നത്.
വള്ളംകളി നീണ്ടുപോകുന്നതു ചെലവു കൂട്ടും. അതു ഭാരിച്ച നഷ്ടത്തിലേക്കു ക്ലബ്ബുകളെ നയിക്കുമെന്നാണ് പറയുന്നത്. അതേസമയം, വയനാട് ദുരന്തത്തില്‍നിന്നു നാടു മുക്തമായശേഷം മാത്രം വള്ളംകളി നടത്തിയാല്‍ മതിയെന്ന് ആവശ്യപ്പെടുന്ന ക്ലബ്ബുകളുമുണ്ട്. അതിന് ശക്തമായ എതിര് പറയുവാൻ ആർക്കും കഴിയുന്നില്ല. അത്രയ്ക്കും മനഃസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകളാണല്ലോ വയനാട്ടിൽനിന്നു വരുന്നത്.
ഇല്ലായ്മ മറക്കുന്ന ആവേശം
നിസാര ചെലവല്ല ഓരോ വള്ളംകളിയുടെ പിന്നിലുമുള്ളത്. അത് ഓരോ കരക്കാരും വ്യക്തികളും വള്ളംകളി പ്രേമികളും സംഭാവന ചെയ്തതും സ്വരുക്കൂട്ടിയതും പങ്കുവയ്ക്കുന്നതുമാണ്. ഒരു ജനസംസ്കൃതിയുടെ ഹൃദയവികാരത്തിൽനിന്ന് ഉയർന്നുവന്ന ജലോത്സവ ആവേശം ഇല്ലായ്മയും വല്ലായ്മയും പറഞ്ഞ് എങ്ങനെ മാറ്റിവയ്ക്കുമെന്നാണ് കുട്ടനാട്ടുകാരുടെ വിചാരം.
തങ്ങളുടെ ജീവിതവും നാടിന്റെ കാർഷിക സംസ്കൃതിയും ഇടകലർന്ന് രൂപപ്പെട്ട ഈ കലാമേളയെ സാമ്പത്തിക ഇല്ലായ്മയുടെ പേരിൽ കളഞ്ഞുകുളിക്കാൻ കുട്ടനാട്ടുകാർക്ക് മനസില്ല. ഓളപ്പരപ്പിൽ തുഴയെറിയാനുള്ള ആവേശം, കൈ-മെയ് മറന്ന് തുഴഞ്ഞുകയറാനുള്ള ഉത്സാഹം... അതെല്ലാം വെടിഞ്ഞാൽ എന്ത് കുട്ടനാട്ടുകാരൻ.?
ഇത്തരം തുഴയാവേശവികാരങ്ങളുടെ പേരിൽ വള്ളം ഇറക്കുന്ന ഓരോ ക്ലബ്ബുകളും ലക്ഷങ്ങളാണ് പൊടിക്കുന്നത്. അതിന്റെ ബാധ്യതതകൾ വയനാട് ദുരന്തത്തിന്റെ പേരിൽ മാറ്റിവയ്ക്കപ്പെട്ടതിനാൽ കൂടുന്നു.
ക്ലബ്ബുകള്‍ക്ക് ചെലവാകുന്നത്
കുട്ടനാടിന്റെ വള്ളംകളിയെ ദേശീയ-അന്തർദേശീയ കാഴ്ചകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുണ്ടെങ്കിലും അതിനു പിന്നിലെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. വള്ളംകളി മറ്റിവച്ചതു സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായി കേരള ബോട്ട് ക്ലബ് അസോസിയേഷന് ഇന്നലെ യോഗം ചേർന്നിരുന്നു.
11 ക്ലബ്ബുകളാണു നേരത്തെ തന്നെ പരിശീലനം തുടങ്ങിയിരുന്നത്. ഇവയില്‍ ഓരോ ക്ലബ്ബിനും പരിശീലനത്തിനു കുറഞ്ഞത് 25 ലക്ഷം രൂപയുടെ ചെലവ് ഇതുവരെ ഉണ്ടായിട്ടുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 60 ലക്ഷത്തോളം രൂപ ചെലവാക്കിയ ക്ലബ്ബുകളുമുണ്ട്. വള്ളംകളി ഒരു മാസത്തിലധികം നീണ്ടുപോയാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തുഴച്ചിലുകാരെ എത്തിക്കാനാണു ബുദ്ധിമുട്ട് നേരിടുക. നിലവില്‍ മണിപ്പുര്‍, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കനോയിംഗ്, കയാക്കിംഗ് താരങ്ങള്‍ വിവിധ ക്ലബ്ബുകള്‍ക്കായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ക്യാന്പ് പിരിച്ചുവിടുന്നതോടെ വിമാന ടിക്കറ്റിനു ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവരെ സ്വദേശങ്ങളിലെത്തിക്കണം. വള്ളംകളിക്കു തിരികെ എത്തിക്കാന്‍ വീണ്ടും വന്‍തുക ചെലവാക്കണം.
‘ഓഗസ്റ്റിൽ ജലമേള നടത്തരുത് ’
10ന് നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവയ് ക്കണമെന്ന സർക്കാർ തീരുമാനം കേരള ബോട്ട് ക്ലബ്ബ് അസോസിയേഷൻ സർവാത്മന സ്വാഗതം ചെയ്യുന്നു. ദുഃഖവും വേദനയും തളം കെട്ടിയ സാഹചര്യത്തിൽ ജലോത്സവം മാറ്റാനുള്ള നിർദേശം അംഗീകരിക്കുമ്പോൾ തന്നെ വള്ളംകളി മാറ്റിവയ്ക്കുന്നതുമൂലം ബോട്ട് ക്ലബ്ബുകളും ജലകായിക താരങ്ങളും അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങളും സാമ്പത്തിക ബാധ്യതയും താങ്ങാൻ കഴിയുന്നതല്ല.
2018, 2019 വർഷങ്ങളിലും വെള്ളപ്പൊക്കത്തെത്തുടർന്ന് പതിനൊന്നാം മണിക്കൂറിൽ കളി വേണ്ടന്ന് തീരുമാനിച്ചതിന്റെ തിക്തഫലങ്ങൾ ഇപ്പോഴും ക്ലബ്ബുകൾ അനുഭവിച്ച് തീർന്നിട്ടില്ല. 2018 മുതൽ കാലാവസ്ഥയിൽ സംഭവിക്കുന്ന പ്രവചനാതീതമായ ഭവിഷ്യത്തുകൾ കണിക്കാക്കി ഓഗസ്റ്റ് മാസം നെഹ്റു ട്രോഫി നടത്തരുതെന്ന് ക്ലബ്ബുകൾ ആവശ്യമുന്നയിക്കുന്നു.
2022 ൽ സെപ്റ്റംബർ മാസത്തിൽ മത്സരം നടത്തി. വള്ളംകളിയിൽ നേരിട്ട് പങ്കെടുത്ത് കഷ്ടനഷ്ടങ്ങൾ അനുഭവിക്കാത്ത ചിലർ ചില വാദങ്ങൾ നിരത്തി കളി വീണ്ടും ഓഗസ്റ്റിലാക്കി. തനിയാവർത്തനമെന്നപോൽ മാറ്റിവയ്ക്കണ്ടി വന്നു. അടുത്തവർഷം മുതൽ ഓഗസ്റ്റിൽ നെഹ്രുട്രോഫിയിൽ പങ്കെടുക്കാൻ ക്ലബ്ബുകൾ തയാറല്ലെന്നറിയിക്കുന്നു.
മറ്റൊരു പ്രോഗ്രാം മാറ്റിവയ്ക്കുന്ന പോലെ നിസാരമല്ല കളി മാറ്റുന്നത്. ഈ വർഷം തന്നെ ജൂൺ പകുതി മുതൽ പരിശീലനം തുടങ്ങി ജൂലൈ ആദ്യവാരം മുതൽ ക്യാമ്പുകൾ സജ്ജീകരിച്ച് ലക്ഷക്കണക്കിന് തുക ചെലവഴിച്ചു കഴിഞ്ഞു. അങ്ങനെ ഓരോ ക്ലബ്ബും ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം ലഭിക്കണം.
അടിയന്തര സാഹചര്യത്തിൽ കളി മാറ്റിവയ്ക്കാൻ സർക്കാരിന് തീരുമാനമെടുക്കേണ്ടി വരുമ്പോൾ തന്നെ ഏറെ വൈകിയല്ലാത്ത ഒരു തീയതി കൂടെ പ്രഖ്യാപിക്കുന്നത് അങ്ങനെ ചെയ്യുന്നത് ക്ലബ്ബുകൾക്കും സംഘാടകർക്കും ഗുണമാണ്.
എം. ജോസ് ജോസഫ്