മത്സ്യത്തൊഴിലാളികൾക്ക് ഗുണമില്ലാതെ ഒരു തുറമുഖം
1441726
Sunday, August 4, 2024 1:21 AM IST
അന്പലപ്പുഴ: രണ്ടാം ഘട്ട വികസനം കടലാസിലൊതുങ്ങിയതോടെ തോട്ടപ്പള്ളി തുറമുഖം നോക്കുകുത്തിയായി മാറി. മത്സ്യത്തൊഴിലാളികൾക്ക് തുറമുഖം കൊണ്ട് ഒരു ഗുണവും കിട്ടാതെയായി. സർക്കാർ ഖജനാവിൽനിന്ന് കോടികൾ ചെലവഴിച്ചു നിർമിച്ച തുറമുഖം കാഴ്ചവസ്തുവായി.
ട്രോളിംഗ് നിരോധനത്തിനുശേഷവും ബോട്ടുകൾക്ക് തുറമുഖത്തിനുള്ളിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമാകേണ്ട തോട്ടപ്പള്ളി തുറമുഖത്തിനാണ് ഈ ദുരവസ്ഥ. പൊഴിമുഖം മണലടിഞ്ഞു കയറിയതിനാൽ വലിയ ലയ്ലാൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വികസനം വഴിയിൽ
1987ൽ ഫിഷ് ലാൻഡിംഗ് സെന്ററായാണ് ഇതിനു തുടക്കമായത്. 1991ൽ ഫിഷ് ലാൻഡിംഗ് സെന്റർ നിർമാണം പൂർത്തിയായി. പിന്നീട് 2004ൽ തുറമുഖ നിർമാണോദ്ഘാടനം നടന്നു. 2011ൽ തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടന്നു. 15 കോടിയോളം രൂപ ഖജനാവിൽനിന്ന് ചെലവഴിച്ച് നിർമിച്ച, മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ഈ ഹാർബർ പ്രവർത്തനം തുടങ്ങി മൂന്നു വർഷം പിന്നിട്ട് 2014ൽ പ്രവർത്തനരഹിതമായി.
പൊഴിമുഖത്ത് മണലടിഞ്ഞു കയറി തുറമുഖത്ത് മണൽ നിറഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ലാതെ തോട്ടപ്പള്ളി തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം എങ്ങുമെത്തിയില്ല. പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ തുടക്കത്തിൽ ഐആർഇക്ക് അനുമതി നൽകിയിരുന്നു.
തൊഴിലാളികൾ ദുരിതത്തിൽ
ഇതിന്റെ തുടർച്ചയായാണ് പിന്നീട് വിവാദമായ കരിമണൽ ഖനനവും തോട്ടപ്പള്ളിയിൽ ആരംഭിച്ചത്. ഇപ്പോൾ ചെറിയ ഡിസ്കോ വള്ളങ്ങൾ മാത്രമാണ് തുറമുഖത്ത് കടക്കുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയിലുള്ള നിർമാണം നടത്തിയതിലൂടെ ഖജനാവിലെ കോടികളാണ് പാഴായത്.
ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ തുറമുഖത്തിനാണ് ഇപ്പോൾ ഈ അവസ്ഥ. വെറും മണലൂറ്റ് കേന്ദ്രമായി മാത്രം തോട്ടപ്പള്ളി തുറമുഖം മാറി. ഇതോടെ തുറമുഖത്തെ ആശ്രയിച്ച് ഉപജീവനം നടത്തിവന്ന ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി. തുറമുഖ വികസനത്തിനായി മാറി മാറി വന്ന സർക്കാരുകൾ കോടികൾ പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും യാഥാർഥ്യമായില്ല.
200 ലയ്ലാൻഡ് വള്ളങ്ങക്ക് കടക്കാവുന്ന തരത്തിലാണ് തുറമുഖം രൂപകൽപന ചെയ്തത്. എന്നാൽ, തുറമുഖമാകെ മണലടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി.
മാലിന്യവും ദുർഗന്ധവും
മണലടിഞ്ഞു കയറാതിരിക്കാൻ വടക്കു ഭാഗത്താരംഭിച്ച പുലിമുട്ട് നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. ഈ ട്രോളിംഗ് നിരോധന കാലത്തിൽ ജില്ലയിലെ നൂറുകണക്കിന് വള്ളങ്ങൾക്ക് ആശ്രയമാകേണ്ട തുറമുഖത്തിന്റെ ദുരവസ്ഥയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല.
പ്രതിദിനം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ വന്നുപോകുന്ന തുറമുഖത്ത് പ്രാഥമികാവശ്യം നിർവഹിക്കാൻ ടോയ്ലറ്റുകളോ കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനോ ഒന്നുമില്ല.
ഓട നിർമിച്ചിട്ടുണ്ടെങ്കിലും ലേല ഹാളിൽനിന്ന് ഉൾപ്പെടെ പുറന്തള്ളുന്ന മലിനജലം ശാസ്ത്രീയമായി നിക്ഷേപിക്കാൻ യാതൊരു സംവിധാനവുമില്ല. ട്രോളിംഗ് നിരോധനത്തിനുശേഷം തിരക്ക് വർധിച്ചതോടെ തുറമുഖ പരിസരം മാലിന്യവും ദുർഗന്ധവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മറ്റു പല തുറമുഖങ്ങളും വൃത്തിയായി സൂക്ഷിക്കുമ്പോൾ തോട്ടപ്പള്ളി തുറമുഖത്തെത്തുന്ന തൊഴിലാളികൾക്ക് അസുഖം ബാധിക്കുന്ന സ്ഥിതിയാണെന്നാണ് ഇവർ പറയുന്നത്. ഇക്കാര്യത്തിൽ അധികൃതർ തിരിഞ്ഞു നോക്കാറില്ലെന്നും തൊഴിലാളികൾ പറയുന്നു.