അമ്പലപ്പുഴ: പാവപ്പെട്ട രോഗികളുടെ ജീവൻ രക്ഷിക്കേണ്ട ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ രോഗികളുടെ ജീവനെടുക്കുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കെ.സി. വേണുഗോപാൽ എംപി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം മരണമടഞ്ഞ പുറക്കാട് കരൂർ സ്വദേശിനി ഷിബിന, പുന്നപ്ര സ്വദേശിനി ഉമൈബ എന്നിവരുടെ വീടുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംപി.
ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം മരണം പതിവാകുകയാണ്. സർക്കാർ ഇത് ഗൗരവതരമായി കണ്ടിട്ടില്ല. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാനും തയാറായിട്ടില്ല. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുമെടുക്കാറില്ല. ദുരന്തം ആവർത്തിച്ചിട്ടും കണ്ണു തുറക്കാത്തത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ അഞ്ചു വർഷത്തിനിടയ്ക്ക് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടുകളിന്മേൽ എന്തു നടപടി സ്വീകരിച്ചു. ഇത്രയും ദുരന്തങ്ങളുണ്ടായിട്ടും ആരോഗ്യവകുപ്പുമന്ത്രി ആശുപത്രി സന്ദർശിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.