മത്സ്യത്തൊഴിലാളിയുടെ തിരോധാനം: പുനരന്വേഷണം വേണമെന്ന്
1416312
Sunday, April 14, 2024 5:00 AM IST
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽനിന്ന് കാണാതായ മത്സ്യത്തൊഴിലാളി സജീവന്റെ തിരോധാനത്തിൽ പുനരന്വേഷണത്തിന് ആവശ്യം ഉയരുന്നു. സജീവൻ ഒഴുക്കിൽപ്പെട്ട് കാണാതായി എന്നായിരുന്നു പോലീസ് കണ്ടെത്തൽ.
സിപിഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളന പ്രതിനിധിയായിരുന്ന ഇയാളെ പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് ചിലർ തട്ടിക്കൊണ്ടു പോയെന്ന ആരോപണം ശരിയല്ലെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ അറിയിച്ചത്.
സജീവനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സജിത നൽകിയ ഹേബിയസ് ഹർജി ഈ വിശദീകരണം കണക്കിലെടുത്ത് ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. 2022 സെപ്തംബർ 29 മുതലാണ് സജീവനെ കാണാതായത്. കടലിൽ മീൻപിടിക്കാൻ പോയ സജീവൻ പിന്നീട് തിരികെ വന്നിട്ടില്ല. പാർട്ടിയിലെ വിഭാഗീയത കാരണം സജീവനെ എതിർവിഭാഗം തട്ടിക്കൊണ്ടു പോയെന്ന് സംശയമുണ്ടെന്നും കരിമണൽ ഖനനത്തെ എതിർത്തതോടെ സജീവൻ പാർട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ ശത്രുവായെന്നും ഹർജിക്കാരി വാദിച്ചിരുന്നു.
എന്നാൽ, അന്വേഷണത്തിൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഒഴുക്കിൽപ്പെട്ട് കാണാതായതാണെന്ന് സംശയമുണ്ടെന്നും ഇത്തരത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. തുടർന്നാണ് അന്വേഷണം തുടരാനും എസ്പി മേൽനോട്ടം വഹിക്കാനും നിർദേശിച്ച് ഡിവിഷൻ ബഞ്ച് ഹർജി തീർപ്പാക്കിയത്.
വിവാദമായ കേസിൽ പുനരന്വേഷണം നടത്താൻ തീരുമാനമായി. എന്നാൽ, ഏത് ഏജൻസിയാണ് അന്വേഷണം നടത്തേണ്ടത് എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം ഇതുസംബന്ധച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.