പിആർഎസ് എഴുതുന്ന ഓരോ കർഷകനും അക്കൗണ്ടിൽ ഉടൻ പണം ലഭ്യമാക്കണം
1416059
Friday, April 12, 2024 10:49 PM IST
ആലപ്പുഴ: എസ്ബിഐ റീജണൽ ഓഫീസിന് മുമ്പിൽ നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ധർണ നടത്തി. സപ്ലൈകോയും എസ്ബിഐയും തമ്മിലുള്ള ചക്കളത്തിപ്പോര് അവസാനിപ്പിച്ച് കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ മുഴുവൻ വിലയും അടിയന്തരമായി ലഭ്യമാക്കണമെന്നും, മാർച്ച് 31 വരെ പെയ്മെന്റ് ഓർഡർ പാസായ പിആർഎസിന്റെ തുക മാത്രമല്ല, കേന്ദ്രത്തിൽനിന്നും പിആർഎസിന്റെ കുടിശിക ലഭ്യമായ സ്ഥിതിക്ക്, പിആർഎസ് എഴുതുന്ന ഓരോ കർഷകനും ഉടൻ അവരുടെ അക്കൗണ്ടിൽ പണം ലഭ്യമാക്കണമെന്നും ധർണ ഉദ്ഘാടനം ചെയ്ത നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ആവശ്യപ്പെട്ടു. കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം നടത്തിയാൽ അതുതിരിച്ചറിഞ്ഞു കർഷകർ ഒന്നടങ്കം ജനാധിപത്യ രീതിയിൽ പ്രതികരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമിതി പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, പി.ആർ. സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, ഇ.ആർ. രാധാകൃഷ്ണപിള്ള, റോയി ഊരാംവേലി, ജോൺ സി. ടിറ്റോ, കറിയാച്ചൻ ചേന്നങ്കര, മാത്യു തോമസ് കോട്ടയം, വി.എൻ. ശർമ, കാർത്തികേയൻ കൈനകരി, ജോഷി നെടുമുടി, സെൽജു ആറുപറ, ജോബി മൂലംകുന്നം, ജോളി നിരയത്ത്, സുരേഷ് വി., ബിജോയ് പള്ളാത്തുരുത്തി, സുനി തകഴി തുടങ്ങിയവർ പ്രസംഗിച്ചു.