കുട്ടനാടിന്റെ കഥാകാരൻ വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ട്
1416057
Friday, April 12, 2024 10:49 PM IST
അമ്പലപ്പുഴ: ചെമ്മീനിലൂടെ കറുത്തമ്മയുടെയും പാരിക്കുട്ടിയുടെയും അനശ്വര പ്രണയം ലോകത്തിന്റെ നെറുകയിലെത്തിച്ച കുട്ടനാടിന്റെ കഥാകാരൻ തകഴി ശിവശങ്കരപിള്ള വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ട്. പുറക്കാടും പുന്നപ്രയിലെയുമൊക്കെ കടലോരത്തെ നിഷ്കളങ്കരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം പകർത്തിയ ചെമ്മീൻ എന്ന നോവലാണ് തകഴിയിലെ കഥാകാരന് ലോക പ്രശസ്തി നേടി കൊടുത്തത്. 1965 ൽ രാമു കാര്യാട്ട് ഈ നോവൽ സിനിമയാക്കി. ഇന്നും ഇതിലെ കഥാപാത്രങ്ങളും ഗാനങ്ങളും മലയാളികളുടെയും സംഗീത പ്രേമികളുടെയും മനസിൽ ജീവിക്കുന്നു.
കൂടാതെ തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ഏണിപ്പടികൾ, കയർ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി 39 നോവലുകളും 600ൽപരം ചെറുകഥകളും രചിച്ചിട്ടുണ്ട്. 1980ൽ പത്മഭൂഷൻ ബഹുമതിയും 1984ൽ ജ്ഞാനപീഠം പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. തകഴിയിലെ ശങ്കരമംഗലം തറവാട്ട് വീട്ടിൽ എഴുത്തുകാരന് എന്നും കൂട്ടായി ഉണ്ടായിരുന്നത് പത്നി കാത്തയായിരുന്നു. അവർ 2011 ജൂൺ ഒന്നിന് മരിച്ചു. 1999 ഏപ്രിൽ 10നാണ് മണ്ണിന്റെയും മനുഷ്യന്റെയും കഥ പറഞ്ഞ സാഹിത്യകാരൻ വിടപറഞ്ഞത്. ഇതിനുശേഷം വീടും സ്ഥലവും സാംസ്കാരിക വകുപ്പ് ഏറ്റെടുത്തു തകഴി സ്മ്യതി മണ്ഡപവും മ്യൂസിയവുമാക്കി.