കൈലാസിന്റെ വിജയത്തിനു തിളക്കമേറെ
1374562
Thursday, November 30, 2023 1:00 AM IST
തിരുവനന്തപുരം: രോഗിയായ മാതാവിനെ പരിചരിച്ച ശേഷം പുലർച്ചെ ആലപ്പുഴയിൽ നിന്നും കൈലാസ് ട്രെയിൻ കയറി തിരുവനന്തപുരത്തേയ്ക്ക്. ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ കൈലാസ് നേരെ ഓടിയത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലേക്ക്. മൈതാനത്തെത്തി ഒരു മണിക്കൂറിനുള്ളിൽ ട്രാക്കിൽ നിന്ന് സുവർണ നേട്ടവുമായി മടക്കം. കേരളാ സർവകലാശാല അത്ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ പൊന്നിൻനേട്ടം സ്വന്തമാക്കിയ ആലപ്പുഴ എസ്.ഡി കോളജ് ഒന്നാം വർഷ ധനതത്വശാസ്ത്ര ബിരുദവിദ്യാർഥിയായ കെ.എസ്. കൈലാസിന്റെ കഥയാണിത്.
സ്പോർട്സ് ക്വാട്ടയിൽ എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലായിരുന്നു ആദ്യം കൈലാസിന് പ്രവേശനം ലഭിച്ചത്. സാന്പത്തീകമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമായ ഈ കായികതാരത്തിന്റെ മാതാവ് രഞ്ജിനിക്ക് ഇതിനിടെ കരൾ രോഗം പിടിപെട്ടതിനെ തുടർന്ന മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലേക്ക് പോകേണ്ട ി വന്നു. കൂലിപ്പണിയെടുക്കുന്ന പിതാവ് വി.കെ ഷാജിമോന്റെ വരുമാനം രഞ്ജിനിയുടെ ചികിത്സയ്ക്ക് പോലും തികയാത്ത സ്ഥിതി. രഞ്ജിനിക്കൊപ്പം ഷാജിമോൻ ആശുപത്രിയിൽ പോകേണ്ട ി വരുന്പോൾ കുടുംബത്തിന്റെ വരുമാനം പൂർണമായി നില്ക്കുന്ന സാഹചര്യവും. ഇതോടെ കൈലാസ് പഠനം നിർത്തി വീട്ടിലെത്തേണ്ട സ്ഥിതി. അത്ലറ്റിക്സിനെ ഏറെ സ്നേഹിക്കുന്ന കൈലാസ് മാതാവിന്റെ ചികിത്സയുടെ ഭാഗമായി ഒടുവിൽ കോലഞ്ചേരിയിൽ നിന്ന് പഠനം നിർത്തി നാട്ടിലേക്ക് എത്തി. അമ്മയുടെ ചികിത്സയ്ക്കായി പിതാവിനൊപ്പം ഓടിനടന്നു.
ഏറെ കായിക മികവുളള കൈലാസ് കഴിഞ്ഞവർഷം കേരളാ സർവകലാശാലയ്ക്ക് കീഴിലുള്ള ആലപ്പുഴ എസ്.ഡി കോളജിൽ വീണ്ട ും ഒന്നാം വർഷ ബിരുദവിദ്യാർഥിയായി പ്രവേശനം നേടി. വീടിന് അടുത്തായതിനാൽ അമ്മയെ സഹായിച്ച ശേഷം ഓടി കോളജ് മൈതാനത്ത് എത്തി പ്രാക്ടീസ് നടത്തി. അങ്ങനെ തുടർച്ചയായി പരിശീലനം നടത്തിയ കൈലാസാണ് ഇന്നലെ 1500 മീറ്ററിലെ സുവർണ ജേതാവായത്. ഇന്നു നടക്കുന്ന 800 മീറ്ററിലും വിജയിച്ച് ഇരട്ട സുവർണ നേട്ടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് കൈലാസ്.