റോഡ് സഞ്ചാരയോഗ്യമാക്കാൻ റോഡിലെ കുഴിയിൽ വള്ളമിറക്കി സമരം
1336308
Sunday, September 17, 2023 11:00 PM IST
മങ്കൊമ്പ്: കൈനകരിയിലെ പ്രധാന റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിട്ടും സഞ്ചാരയോഗ്യമാക്കാൻ വേണ്ട യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ ബിജെപി കൈനകരി പഞ്ചായത്ത് കമ്മിറ്റി റോഡിൽ വള്ളം തുഴഞ്ഞ് പ്രതിഷേധിച്ചു.
മുണ്ടക്കൽ പാലത്തിന്റെയും പത്തിൽ പാലത്തിന്റെയും അപ്രോച്ച് റോഡുകൾ സംഗമിക്കുന്ന പ്രധാന റോഡിന്റെ വളവിലെ വെള്ളം നിറഞ്ഞ കുഴിക്കു സമീപത്താണ് സമരം നടന്നത്. ബിജെപി കൈനകരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എൽ ലെജുമോൻ സമരം ഉദ്ഘാടനം ചെയ്തു. ഈ കുഴിയിൽ വീണു ഇരിചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾക്ക് അപകടം സംഭവിച്ചിട്ടും റോഡ് നന്നാക്കാൻ നടപടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റോഡ് ഗതാഗതയോഗ്യമാക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതി, എംഎൽഎ, എംപി എന്നിവരുടെ നിലപാടുകൾക്കെതിരെ സമരക്കാർ കടുത്ത പ്രതിഷേധമുയർത്തി.
പി ആർ മനോജ്, ആർ സുരേഷ്, കെ.കെ റെനിൽകുമാർ, മാത്യൂസ് തെക്കേപ്പറമ്പൻ, പി.പി മനോജ്, പത്രോസ് തോമസ്, ജയകുമാർ ഇളയിടം, വേണു മുളമുറ്റം തുടങ്ങിയവർ പ്രസംഗിച്ചു.