പാലം പൊളിക്കാൻ നീക്കം; എതിർത്ത് ജനകീയ കൂട്ടായ്മ
1336053
Sunday, September 17, 2023 12:02 AM IST
ഹരിപ്പാട്: തൃക്കുന്നപ്പുഴ ചീപ്പ് പുനർനിർമാണത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ പാലം പൊളിക്കാനുള്ള നീക്കത്തിനെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങി ജനകീയ കൂട്ടായ്മ.
ചീപ്പ് നവീകരണം ഇഴഞ്ഞു നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ പാലം പണി അനന്തമായി നീളുമെന്ന ആശങ്കയാണ് പ്രതിഷേധത്തിനു കാരണം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ ജനകീയ കൂട്ടായ്മയിൽ പ്രതിഷേധം ഇരമ്പി.
2022 മാർച്ചിലാണ് പണി പൂർത്തീകരിക്കേണ്ടത്. ഷട്ടർ ലോക്കിന്റെ നാലു തൂണുകളുടെ നിർമാണം മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. ആകെ പ്രവൃത്തിയുടെ 46 ശതമാനം മാത്രമാണിത്.
നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെത്തുടർന്ന് 2022 ഒക്ടോബറിൽ കളക്ടറുടെയും രമേശ് ചെന്നിത്തല എംഎൽഎയുടെയും സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ 2023 ജനുവരിയിൽ പാലം പൊളിച്ച് ഡിസംബറിൽ പണിപൂർത്തീകരിക്കുമെന്ന് ജലസേചനവകുപ്പ് അധികാരികൾ ഉറപ്പു നൽകിയതും പാലിച്ചിട്ടില്ല.
ഉറപ്പുകളൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് പാലം പൊളിക്കാനുള്ള ഇറിഗേഷൻ വകുപ്പിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ഉയർന്നത്. വ്യാപാരി-വ്യവസായി ഏകോപന സമിതി ഓഫീസിൽ കൂടിയ പ്രതിഷേധ യോഗത്തിൽ ജനപ്രതിനിധികൾ അടക്കം സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ പങ്കെടുത്തു.
പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനമായി. വ്യാപാരി-വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള അണ്ടോളിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷാജഹാൻ, വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി.സി. ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, പഞ്ചായത്ത് മെംബർമാരായ എൻ.സി.അനിൽകുമാർ, ലഞ്ചു, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് സുനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ, തൃക്കുന്നപ്പുഴ ദേവസ്വം സെക്രട്ടറി സുഗുണൻ, തൃക്കുന്നപ്പുഴ മഹല്ല് പ്രസിഡന്റ് കെ.എ. ലത്തീഫ്, പള്ളിപ്പാട്ട് മുറി ജമാഅത്ത് പ്രസിഡൻറ് നാസർ മാമൂലയിൽ,ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് ബിജു പുളിമൂട്ടിൽ എസ്എൻഡിപി പ്രതിനിധി ശ്യാം, സൗഹൃദ കൂട്ടായ്മ പ്രതിനിധി സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.