കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് സ്റ്റേഷനിൽ ഏല്പിച്ച് കുട്ടിപ്പോലീസ് സംഘം
1335160
Tuesday, September 12, 2023 10:53 PM IST
പന്തളം: കുട്ടിപ്പോലീസ് കൂട്ടുകാർ മാതൃകയായി, നഷ്ടപ്പെട്ട പണമടങ്ങിയ പഴ്സ് ഓട്ടോറിക്ഷ ഡ്രൈവർക്ക് തിരിച്ചുകിട്ടി.
പന്തളം എൻഎസ്എസ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളും സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങളുമായ രണ്ട് കുട്ടികളുടെ സൽപ്രവൃത്തിയാണ് നഷ്ടപ്പെട്ട പണം തിരികെ കിട്ടാനിടയാക്കിയത്.
പന്തളം മുനിസിപ്പാലിറ്റിക്ക് സമീപമുള്ള സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന പന്തളം മുടിയൂർക്കോണം നെല്ലിക്കൽ വീട്ടിൽ എൻ.കെ. ഉണ്ണിയുടെ 7100 രൂപ അടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. തുടർന്ന്, ഇത് പത്താം ക്ലാസിൽ പഠിക്കുന്ന പൂഴിക്കാട് ശ്രീദേവി ഭവനം വീട്ടിൽ ആരോമൽ, ഒമ്പതിൽ പഠിക്കുന്ന ചേരിക്കൽ കന്നുകെട്ടിൽ തെക്കതിൽ കെ.ജി. ശ്രീകുമാർ എന്നിവർക്ക് മുനിസിപ്പാലിറ്റി റോഡിനു മുൻവശത്തുനിന്നു പഴ്സ് കളഞ്ഞുകിട്ടുകയായിരുന്നു. ഉടൻ തന്നെ മറ്റൊന്നും ആലോചിക്കാതെ കുട്ടികൾ പന്തളം പോലീസ് സ്റ്റേഷനിൽ പേഴ്സ് എത്തിച്ച് വിവരം പറഞ്ഞു. പന്തളം പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ് കുട്ടികളെ അഭിനന്ദിച്ചു.
തുടർന്ന്, ഉണ്ണിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പഴ്സ് കൈമാറി. സ്റ്റേഷൻ ജിഡി ചാർജ് എഎസ്ഐ മഞ്ജുമോൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഡ്രിൽ ഇൻസ്ട്രക്ടർ സിപിഒ കൃഷ്ണൻ ഉണ്ണി, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.