ആട്ടിന്‍ കൂടിനു തീ പിടിച്ചു; ആടിനും കര്‍ഷകനും പൊള്ളലേറ്റു
1282925
Friday, March 31, 2023 11:10 PM IST
ഹരിപ്പാട്: ആട്ടിന്‍ കൂടിനു തീപിടിച്ച് പൂര്‍ണമായി നശിച്ചു. ആടിനെ രക്ഷിക്കാന്‍ തൊഴുത്തില്‍ കയറിയ കര്‍ഷകനും ആടിനും പൊള്ളലേറ്റു. വീയപുരം രണ്ടാം വാര്‍ഡില്‍ മാളിയേക്കല്‍പറമ്പില്‍ അബ്ദുൾ സലാമിന്റെ ആട്ടിന്‍ കൂടിനാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ തീ പിടിച്ചത്.
നിസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയ സലാം എന്തോ പൊട്ടുന്ന ശബ്ദം കേട്ട് മുറ്റത്തേക്ക് നോക്കിയപ്പോള്‍ ആടുകള്‍ കൂട്ടത്തോടെ കരയുന്നതും മുകളിലിട്ടിരുന്ന ഷീറ്റ് പൊട്ടിത്തെറിക്കുന്നതുമാണ് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാർ ബഹളം വച്ചതിനെത്തുടര്‍ന്ന് ഉറക്കം ഉണര്‍ന്നുവന്ന അയല്‍വാസികള്‍ വെള്ളംകോരിയും മറ്റും തീ അണച്ചെങ്കിലും തൊഴുത്ത് പൂര്‍ണമായും നശിച്ചു.
നിലവിളിക്കുന്ന ആടുകളെ കെട്ടിയിരുന്ന കയര്‍ അരിവാള്‍കൊണ്ട് മുറിച്ചുമാറ്റവേ അബ്ദുള്‍ സലാമിന്റെ കൈക്കു മുറിവേറ്റു. നാലു തുന്നല്‍ കൈക്കുണ്ട്. മുഖത്ത് പൊള്ളലുമേറ്റിട്ടിണ്ട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. നാല് ആടുകളില്‍ രണ്ടാടിന് ഗുരുതരപരിക്കേറ്റു.
പായിപ്പാട് വെറ്ററിനറി ഹോസ്പ്പിറ്റലില്‍നിന്ന് ആടുകള്‍ക്ക് ചികിത്സ ലഭിക്കുന്നുണ്ട്. തീപിടി ത്തത്തിനു കാരണം എന്തെന്ന റിയില്ല.
മുപ്പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ക്ഷീരകര്‍ഷകനായ അബ്ദുൾ സലാം പറഞ്ഞു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. ഷാനവാസ്, വില്ലേജ് ഓഫീസര്‍ ഉഷാകുമാരി, അസി. വില്ലേജ് ഓഫീസര്‍ സൈനുദ്ദീന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സന്ധ്യ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തഹിസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു.