സ്നേഹഭവനം സമ്മാനിച്ചു
1494044
Friday, January 10, 2025 4:01 AM IST
പത്തനംതിട്ട: ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്ന നിരാലംബര്‍ക്ക് സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ പണിതു നല്കുന്ന 338-ാമത് സ്നേഹഭവനം ജിന്‍സി ആന്റണിയുടെയും ലാന്‍സ് ആന്റണിയുടെയും സഹായത്താല്‍ ഉഴവൂര്‍ ഇരുവേലിത്തറ സിന്ധുവിനും സുകുമാരനും രണ്ടു കുട്ടികള്‍ക്കുമായി നിര്‍മിച്ചു നല്കി.
വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും ജിന്‍സി ആന്റണിയും ലാന്‍സ് ആന്റണിയും ചേര്‍ന്ന് നിര്‍വഹിച്ചു. വര്‍ഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വിവിധ രോഗങ്ങളാല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുകുമാരനും കുടുംബത്തിനുമായി കാരിപ്പള്ളില് ലൂക്കാ ഉഴവൂരില്‍ സൗജന്യമായി നല്കിയ പത്തു സെന്റ് സ്ഥലത്ത് ഇവര്‍ക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്ര അടി വലിപ്പമുള്ള വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു.
ചടങ്ങില്‍ ബ്ലോക്ക് മെംബര്‍ പി.എന്‍. രാമചന്ദ്രന്, പ്രോജക്ട് കോ-ഓർഡിനേറ്റര്‍ കെ.പി. ജയലാല്‍, ലൂക്കാ കാരപ്പള്ളില്‍, കെ.ജി. ആന്റണി, അന്നമ്മ കാരപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.