എംടി അനുസ്മരണം അക്കാദമിക പ്രവർത്തനമാക്കി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ
1494033
Friday, January 10, 2025 3:49 AM IST
റാന്നി: എംടി അനുസ്മരണം അക്കാദമിക പ്രവർത്തനമാക്കാൻ റാന്നി ബിആർസിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ തയാറാക്കിയ പതിപ്പുകളുടെ പ്രകാശനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.സി. ജേക്കബ് , പ്രിൻസിപ്പൽ ടീന ഏബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയ് കെ. ഏബ്രഹാം, അധ്യാപിക ജോജീന തോമസ് എന്നിവർ പ്രസംഗിച്ചു.
എംടിയുടെ പുസ്തകങ്ങൾ കുട്ടികളായ സ്വാലിഹ ഫിറോസ് (രണ്ടാമൂഴം ), അയറിൻ മാത്യു (നാലുകെട്ട്), എസ്. കൃഷ്ണപ്രിയ (നിന്റെ ഓർമയ്ക്ക്) എന്നിവർ പരിചയപ്പെടുത്തി. എംടിക്കു ലഭിച്ച പുരസ്കാരങ്ങളെ സംബന്ധിച്ച് ഡി. അപ്സര അവതരണം നടത്തി.
കാർത്തിക ഡിബു എംടി അനുസ്മരണം നടത്തി. എംടിയെ അനുസ്മരിച്ചു മലയാള പത്രങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളും വിവരങ്ങളുമാണ് പതിപ്പ് തയാറാക്കാൻ ഉപയോഗിച്ചത്. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കിയതായി ബിപിസി ഷാജി എ. സലാം പറഞ്ഞു.