നന്നാക്കി നന്നാക്കി എത്രകാലം...പത്തനംതിട്ട നഗരം കുടിനീരിനായി വലയുന്നു
1493755
Thursday, January 9, 2025 3:50 AM IST
പത്തനംതിട്ട: വേനലായാലും മഴയായാലും പത്തനംതിട്ട നഗരത്തിലെ കുടിവെള്ളപ്രശ്നം തീരില്ല. നഗരത്തിലെ 22 വാര്‍ഡുകളിലും വര്‍ഷത്തില്‍ ഏറെസമയവും കുടിനീര് ക്ഷാമമാണ്. പൈപ്പുവെള്ളത്തെ മാത്രം ആശ്രയിക്കുന്നവരെയാണ് പ്രതിസന്ധി ഏറെ ബാധിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിരലിലെണ്ണാവുന്ന ദിവസംപോലും വെള്ളം എത്താത്ത പ്രദേശങ്ങള്‍ നഗരസഭയിലുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പമ്പിംഗ് നടക്കാറേയില്ല.
നഗരമധ്യത്തില്പോലും എല്ലാ ദിവസവും വെള്ളം എത്തുന്നില്ല. ഗാര്‍ഹിക കണക്ഷനും വ്യാപാര സ്ഥാപനങ്ങളിലെ ആവശ്യത്തിനു കണക്ഷനെടുത്തവരുമെല്ലാം ഇതുമൂലം ദുരിതത്തിലാണ്. ഈയാഴ്ചതന്നെ മൂന്നു ദിവസം കുടിവെള്ളവിതരണം മുടങ്ങി.അറ്റകുറ്റപ്പണിയുടെ പേരില്‍ മാസത്തില്‍ കുറഞ്ഞത് ഏഴു ദിവസമെങ്കിലും വെള്ളം എത്താറില്ല. ജല അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ എത്തിയിട്ടുള്ള പ്രദേശങ്ങളിലാണ് ജനങ്ങള്‍ വെള്ളത്തിനായി വലയുന്നത്.
വിലകൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട സാഹചര്യമാണ് മിക്കയിടത്തും. 800 മുതല്‍ 1500 രൂപ വരെ ആഴ്ചയില്‍ വെള്ളത്തിനായി ചെലവഴിക്കേണ്ടിവരുന്നു. ജല അഥോറിറ്റിക്കു നല്കുന്ന വെള്ളക്കരത്തിനു പുറമേയാണിത്. ടാങ്കര്‍ വാഹനങ്ങള്‍ക്ക് നഗരത്തില്‍ മഴക്കാലമായാലും കൊയ്ത്തു കാലമാണ്. ഏതുസമയത്തും വിളി എത്താമെന്നതിനാല്‍ ചെറിയ ടാങ്കു മുതല്‍ വലുതുവരെ ഘടിപ്പിച്ച വാഹനങ്ങള്‍ വെള്ളം വില്പനക്കാര്ക്കുണ്ട്.
11.5 കോടി മുടക്കിയിട്ടും വിതരണ പൈപ്പുകള്‍ തഥൈവ
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.5 കോടി രൂപ മുടക്കിയാണ് പത്തനംതിട്ട നഗരത്തിലെ പൈപ്പുകളുടെ നവീകരണം പൂര്‍ത്തിയാക്കിയത്. പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായതോടെയാണ് പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാന്‍ തീരുമാനിച്ചത്.
നഗരത്തിലൂടെയുള്ള സംസ്ഥാനപാതകള്‍ വെട്ടിപ്പൊളിച്ചാണ് പുതിയ പൈപ്പുകള്‍ സ്ഥാപിച്ചത്. പണികളുടെ പേരില്‍ നഗരസഭ ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതോടെ നഗരം നിലവില്‍ നേരിടുന്ന കുടിവെള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നും എല്ലാ പ്രദേശത്തും വെള്ളം എത്തുമെന്നുമായിരുന്നു വാഗ്ദാനം.
പുതുതായി സ്ഥാപിക്കുന്ന പൈപ്പുകള്‍ പഴയതുപോലെ പൊട്ടില്ലെന്നും ജലവിതരണം മുടങ്ങില്ലെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ പുതിയ പൈപ്പുകള്‍ സ്ഥാപിച്ചു കുഴികള്‍ മൂടുന്നതിനു മുമ്പേ ഇവ പൊട്ടിത്തുടങ്ങി. പഴയ പൈപ്പ് കണക്ഷന് ഉണ്ടായിരുന്ന പല ഭാഗങ്ങളിലും സ്ഥിരമായി ജലവിതരണം മുടങ്ങി.
ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്താറേയില്ല
നഗര പരിധിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്താറേയില്ല. ചുരുളിക്കോട് വാര്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളായ വാലശേരിക്കോളനി, വളവെട്ടുംപാറ, മുതുമരത്തില്‍ കോളനി, ഹൗസിംഗ് ബോര്‍ഡ് കോളനി, പ്ലാപ്പടി - പാറമുരുപ്പേല്‍ ഭാഗം, പടിഞ്ഞാറ്റേമുറി ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ പൈപ്പ്ലൈന് മുഖേന കുടിവെള്ളം ലഭിച്ചിട്ടു പത്തു മാസമായി.
ഒന്നാംവാര്‍ഡിലെ വഞ്ചിപ്പൊയ്ക, ആറാം വാര്‍ഡിലെ വല്യയന്തി, ഏഴാംവാര്‍ഡിലെ പൂവന്‍പാറ പ്രദേശങ്ങളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും വെള്ളം കിട്ടിയാലായെന്ന സ്ഥിതിയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണം വെള്ളം ലഭിക്കാറുണ്ട്. എന്നാല്‍ വെള്ളത്തിന്റെ പമ്പിംഗ് ശേഷി കുറവായിരിക്കും.
ഒന്നര വര്‍ഷത്തിനിടെ ഒരിക്കല്‍പോലും വെള്ളം എത്താത്ത സ്ഥലങ്ങള്‍ നഗരപരിധിയിലെ പൂവന്‍പാറ പ്രദേശത്തുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സജിനി മോഹന്‍ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെത്തി അവിടെനിന്ന് വെള്ളം ചുമന്നാണ് മുകളിലേക്ക് എത്തിക്കുന്നത്.
ഭരണപരാജയമെന്ന് എ. സുരേഷ്കുമാര്‍
പത്തനംതിട്ട: നഗരസഭയുടെ പൊതുവായ പദ്ധതികളില്‍ മാത്രം താത്പര്യം കാണിക്കുന്ന ഭരണനേതൃത്വം വാര്‍ഡുകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്ന് മുന്‍ ചെയര്മാന് എ. സുരേഷ്കുമാര്‍.
കുടിവെള്ളക്ഷാമം പല വാര്‍ഡുകളിലും രൂക്ഷമായിട്ടും അതിനു പരിഹാരം കണ്ടെത്തിയിട്ടില്ല. നഗരസഭയുടെയും ജലഅഥോറിറ്റിയുടെയും പരാജയമാണ് കുടിവെള്ള പ്രശ്നം രൂക്ഷമാകാനിടയാക്കുന്നത്. കുടിവെള്ള പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുതിയ പൈപ്പുകള്‍ സ്ഥാപിച്ചത്.
എന്നാല്‍, ഓരോ ദിവസവും ഇത് പൊട്ടുകയാണ്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടു നഗരസഭ വിളിക്കുന്ന ചര്‍ച്ചകളില്‍ ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതും ഭരണനേതൃത്വത്തിന്റെ പരാജയമാണെന്നു സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.
നഗരത്തിലെ മിക്ക വാര്‍ഡുകളിലെയും റോഡുകള്‍ താറുമാറായിട്ടും നന്നാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഒട്ടുമിക്ക വാര്‍ഡുകളിലെയും റോഡു പണികള്‍ നിലച്ചിരിക്കുകയാണ്.
കരാറുകാര്‍ക്ക് ചെയ്ത ജോലിക്ക് പണം നല്‍കാനോ സമയബന്ധിതമായി കരാറുകള്‍ വയ്പിക്കുന്നതിലോ യാതൊരു താത്പര്യവുമില്ല. നഗരസഭ കൗണ്‍സില്‍ അംഗങ്ങളാണ് വാര്‍ഡുകളിലെ ജനങ്ങളോട് ഇതിനെല്ലാം മറുപടി പറയേണ്ടത്.
ഡോക്ടേഴ്സ് ലെയ്ന്‍ ഉള്‍പ്പെടെയുള്ള റോഡുകളില്‍ കോണ്‍ക്രീറ്റിംഗ് നടത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ മെറ്റലിളകി താറുമാറായിട്ടും കരാറുകാര്‍ക്കെതിരേ നടപടി സ്വീകരിച്ച് റോഡ് നന്നാക്കാന്‍ ഇതേവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.