ശബരിമല ഇടത്താവളത്തിൽ തുണിസഞ്ചി വിതരണം ചെയ്തു
1494036
Friday, January 10, 2025 4:01 AM IST
പത്തനംതിട്ട: ശബരിമലയിൽ വന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ശബരിമല ഇടത്താവളത്തിൽ തുണിസഞ്ചി വിതരണം നടത്തി.
കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ഒരു പരിധിവരെ അറുതി വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം സംഘടിപ്പിച്ചത്.
കുട്ടികൾ വീടുകളിൽനിന്ന് തയാറാക്കി കൊണ്ടുവന്ന 200 ഓളം തുണിസഞ്ചികളാണ് വിതരണം ചെയ്തത് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ടി. ബിന്ദു മോൾ, അരവിന്ദ് ലാൽ, ശ്യാം ശിവൻ, ലിസ മാത്യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.