പന്നിവിഴ കൈയടക്കി കാട്ടുപന്നികൾ
1494035
Friday, January 10, 2025 3:49 AM IST
അടൂർ: പന്നിവിഴയിലെ കനാലും പുറന്പോക്ക് സ്ഥലങ്ങളും വിഹാര കേന്ദ്രമാക്കി കാട്ടുപന്നികളുടെ വിളയാട്ടം. വനമേഖലയിൽനിന്നു കിലോമീറ്റകലെയാണെങ്കിലും അടൂരിലെ പന്നിവിഴ ഗ്രാമം ഇന്ന് കാട്ടുപന്നികൾ കൈയടക്കിയ മട്ടാണ്.
പന്നിവിഴ അമ്പല ജംഗ്ഷനിൽനിന്ന് പടിഞ്ഞാറോട്ട് ഒരു കിലോമീറ്റർ കഴിഞ്ഞാൽ പല കൈവഴികളായി തിരിഞ്ഞുപോകുന്ന കനാലും ചുറ്റുമുള്ള സ്ഥലവും റോഡും കാടുകയറികിടക്കുന്നതിനാൽ ഇവിടങ്ങളിൽ പന്നിയുടെ താവളമായിട്ടുണ്ട്.
വേനൽ ആരംഭിച്ചതോടെ ചുറ്റുമുള്ള പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങി. ഇതോടെ ജനങ്ങളുടെ ആശ്രയം കനാൽജലമാണ്. കനാൽ പരിസരങ്ങൾ കാടുമൂടിക്കിടക്കുന്നതിനാൽ ഒഴുകിയെത്തുന്ന വെള്ളം ആളുകൾക്ക് ഉപയോഗിക്കാനാകുന്നില്ല. ഒഴുക്ക് തടസപ്പെടുന്ന തരത്തിലും കാട് വളർന്നിരിക്കുകയാണ്. കനാലിനുള്ളിലും പന്നികൾ താവളമാക്കിയിട്ടുണ്ട്.
വഴിയാത്രപോലും സാധ്യമാക്കാത്തവിധം കനാലും പരിസരവും റോഡുകളും കാടുമൂടി പന്നികളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. കനാൽ പരിസരത്തുള്ളവർ പുറത്തിറങ്ങാൻപോലും ഭയപ്പെടുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പന്നികളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
പന്നി ശല്യം കാരണമാണ് കൃഷിയിടങ്ങൾ തരിശിട്ടിരിക്കുന്നത്. വളർന്ന കാട് വെട്ടിത്തെളിക്കാനും കർഷകർക്കാകുന്നില്ല. കാടു വളർന്നതോടെ തരിശുഭൂമിയിലേക്ക് ആർക്കും പ്രവേശിക്കാനാകാത്ത സാഹചര്യമുണ്ട്.