മകരവിളക്ക് സുരക്ഷ: സന്നിധാനത്ത് 1450 പോലീസുകാർ
1494026
Friday, January 10, 2025 3:48 AM IST
ശബരിമല: തീർഥാടനകാലത്തെ ആറാമത് ബാച്ച് ശബരിമലയിൽ ചുമതലയേറ്റു. മകരവിളക്ക് ദിവസങ്ങളുൾപ്പെടെ 20നു നട അടയ്ക്കുന്നതുവരെ ഇവർ ഡ്യൂട്ടിയിലുണ്ടാകും. 12 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105 എസ്ഐ, എഎസ്ഐ മാരും 1450 സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച ചുമതലയേറ്റത്. ശബരിപീഠം മുതൽ പാണ്ടിത്താവളം വരെയാണ് ഇവരുടെ പ്രവർത്തന മേഖല.
വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ പുതിയ പോലീസ് ബാച്ചിന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ എസ്. മധുസൂദനൻ മാർഗനിർദേശങ്ങൾ നൽകി. പുതിയ ബാച്ചിന്റെ സ്പെഷൽ ഓഫീസറായി എഐജി വി. അജിത്ത് ഇന്നു ചുമതലയേൽക്കും. എഎസ്പി പി.ബി. കിരൺ ജോയിന്റ് സ്പെഷൽ ഓഫീസറും എഎസ്പി കെ.വി. വേണുഗോപാൽ അഡീഷണൽ സ്പെഷൽ ഓഫീസറുമായി പ്രവർത്തിക്കും.
കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിക്കും
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലയ്ക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് പമ്പ സ്പെഷൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു.
അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽനിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടയ്ക്കുന്നതു വരെ അയ്യപ്പഭക്തരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലിൽനിന്ന് ദീർഘദൂര സർവീസുകളുണ്ടാകും. അട്ടത്തോട്ടിൽനിന്ന് നിലയ്ക്കലിലേക്ക് സൗജന്യ ബസ് സർവീസുകളും ക്രമീകരിക്കും. കഴിഞ്ഞ ഏഴുവരെ 51,50442 യാത്രകളാണ് കെഎസ്ആർടിസി, കെയുആർടിസി ബസുകൾ മുഖേന വിവിധ റൂട്ടുകളിൽനിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്.
നടതുറന്നശേഷം 4624 ബസ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്. ഈ സീസണിൽ വിവിധ ഡിപ്പോകളിൽനിന്ന് 604 കണ്ടർക്ടർമാരും 668 ഡ്രൈവർമാരും പമ്പയിലെത്തി സേവനമനുഷ്ഠിച്ചതായും സ്പെഷൽ ഓഫീസർ പറഞ്ഞു.
ശബരിമലയിൽ സമഗ്ര ഇൻഷ്വറൻസ് പരിരക്ഷ
ശബരിമല: ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന് തുടക്കമിട്ടിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയിൽ അപകടം സംഭവിച്ചാൽ ഭക്തജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷ്വറൻസിന്റെ പ്രയോജനം ലഭിക്കും. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തർ ഈ പരിരക്ഷയിൽ വരും. യുണൈറ്റഡ് ജനറൽ ഇൻഷ്വറൻസ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂർണമായും ദേവസ്വം ബോർഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിശുദ്ധി സേനാംഗങ്ങൾക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികൾക്കും താത്പര്യമുള്ള ഡോളി തൊഴിലാളികൾക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റൽ പേമെന്റ് ബാങ്ക് മുഖേനയാണ് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്.
ഈ പദ്ധതിയിൽ അംഗത്വം നൽകുന്ന നടപടികൾ ആരംഭിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ പറഞ്ഞു. തൊഴിൽ സംബന്ധമായ അപകടം കാരണം മരണം സംഭവിക്കുകയാണെങ്കിൽ പത്ത് ലക്ഷം രൂപയും പൂർണമായ വൈകല്യം സംഭവിച്ചാൽ10 ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും ലഭിക്കും. കുട്ടികൾ വിദ്യാർഥികളാണെങ്കിൽ വിദ്യാഭ്യാസ ആനുകൂല്യവും പദ്ധതിയിലുണ്ട്. 499 രൂപ പ്രീമിയം നിരക്കിൽ ഒരു വർഷത്തേക്കാണ് ഇൻഷ്വറൻസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോട്ട് ബുക്കിംഗ് നിലയ്ക്കലിൽ
ശബരിമല: മകരവിളക്ക് മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു.
12,13,14 തീയതികളിൽ വെർച്വൽ ക്യൂ യഥാക്രമം 60000, 50000, 40000 എന്നിങ്ങനെ നിജപ്പെടുത്തും. ഈ ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. സ്പോട്ട് ബുക്കിംഗ് 5000 ആണ്. 13 വരെ 5000 ആയും 14 ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്.
സ്പോട്ട് ബുക്കിംഗ് ഇന്നലെ മുതൽ പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 കൗണ്ടറുകൾ നിലയ്ക്കലിൽ ആരംഭിച്ചു. വെർച്ച്വൽ ക്യൂ ബുക്കിംഗ് ഇല്ലാത്തവർ നിലയ്ക്കൽ ഇറങ്ങി സ്പോട്ട് ബുക്കിംഗ് ചെയ്ത ശേഷം പമ്പയിലേക്ക് വരണം.
ഹിൽ ടോപ്പിൽ പാർക്കിംഗില്ല
പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിംഗിലും മകരവിളക്കുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഉണ്ട്. 12 ന് രാവിലെ എട്ട് മുതൽ 15 ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ ഹിൽ ടോപ്പിലെ പാർക്കിംഗ് അനുവദിക്കില്ല. അടിയന്തര പ്രാധാന്യമുള്ള വാഹനങ്ങൾ, മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തരെ കൊണ്ടുപോകാനുള്ള കെഎസ്ആർടിസി ബസുകളും മാത്രമാണ് അനുവദിക്കുക. ഭക്തരുടെ വാഹനങ്ങൾ ചാലക്കയം, നിലയ്ക്കൽ എന്നിവിടങ്ങളിൽ പാർക്കിംഗിന് സൗകര്യം ഒരുക്കും.
എരുമേലി കാനനപാത വഴിയുള്ള തിരക്ക് നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി 11 മുതൽ 14 വരെ ചടങ്ങുകളുടെ ഭാഗമായ അമ്പലപ്പുഴ, ആലങ്ങാട് സംഘാംഗങ്ങൾക്ക് മാത്രമാണ് മുക്കുഴി വഴിയുള്ള കാനനപാത ഉപയോഗപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. അതുവഴി വരുന്ന മറ്റ് ബുക്കിംഗുള്ള ഭക്തർ പമ്പയിൽ എത്തി സന്നിധാനത്ത് പ്രവേശിക്കാം.