തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: സിപിഎം വിമതർ ഭരണതലപ്പത്ത്
1494038
Friday, January 10, 2025 4:01 AM IST
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ആര്. കൃഷ്ണകുമാറും വൈസ് പ്രസിഡന്റായി സിസിലി തോമസും തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം അംഗങ്ങളായിരുന്ന ഇരുവരും കഴിഞ്ഞയിടെ അവിശ്വാസ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചതിനെത്തുടർന്ന് നടപടി നേരിട്ടവരാണ്. ഇന്നലെയും പാർട്ടി വിപ്പ് ലംഘിച്ചാണ് ഇരുവരും മത്സരിച്ചു വിജയിച്ചത്.
മുൻ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ അഡ്വ. കൃഷ്ണകുമാർ പഞ്ചായത്തിലെ ആറാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. സിസിലി തോമസ് ആറാം വാർഡ് മെംബറാണ്.
പ്രസിഡന്റായിരുന്ന ബിനോയ് ചരിവുപുരയിടത്തിൽ, വൈസ് പ്രസിഡന്റ് ഷെറിൻ റോയ് എന്നിവർ അവിശ്വാസത്തേത്തുടർന്നു സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ വിപ്പ് കൃഷ്ണകുമാറും സിസിലി തോമസു ഉൾപ്പെടെ നാല് സിപിഎം മെംബർമാർ ലംഘിച്ചിരുന്നു. നാലുപേരെയും പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ച അജിത ടി. ജോർജിനെ മത്സരിപ്പിച്ചിരുന്നു.
ഇവർക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി വീണ്ടും അഞ്ച് മെംബർമാർക്ക് വിപ്പ് നല്‍കിയിരുന്നു. അതും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ സഹായത്തോടുകൂടി ഇരുവരും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളും സിപിഎമ്മിൽനിന്ന് സസ്പെൻഷനിലായ നാല് അംഗങ്ങളും ചേര്‍ന്ന് ഏഴ് പേരുടെ വോട്ടാണ് കൃഷ്ണകുമാറിനും സിസിലി തോമസിനും ലഭിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎം സ്ഥാനാർഥി അജിത ടി. ജോർജിനും ബിജെപി സ്ഥാനാർഥി പ്രജീഷിനും മൂന്ന് വീതം വോട്ടുകള്‍ ലഭിച്ചു. മുൻ പ്രസിഡന്റ് ബിനോയ്, വൈസ് പ്രസിഡന്റ് ഷെറിൻ എന്നിവർ അജിതയ്ക്ക് വോട്ടു ചെയ്തു.
ഉച്ചകഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം വിപ്പ് നല്‍കിയിരുന്നില്ല. മുന്‍ വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ് സ്വതന്ത്രയായ ഷെറിന് റോയിയായിരുന്നു എല്‍ഡിഎഫിന്റെ സ്ഥാനാർഥി. ഇവര്‍ക്ക് മൂന്ന് വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർഥിയായി മത്സരിച്ച രശ്മി ആര്. നായരുടെ വോട്ട് അസാധുവായതിനേത്തുര്ന്ന് ഇവര്‍ക്ക് രണ്ട് വോട്ട് മാത്രമാണ് ലഭിച്ചത്. കൃഷ്ണകുമാര്‍, സിസിലി തോമസ് എന്നിവരോടൊപ്പം റെന്‍സി കെ. രാജന്, റീന തോമസ് എന്നിവരാണ് സിപിഎം വിമതപക്ഷത്തുള്ളത്.
പ്രസിഡന്റിനെ സ്വീകരിച്ച് കോൺഗ്രസും
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാറിനെ പഞ്ചായത്ത് ഓഫീസ് കവാടത്തില്‍ ത്രിവര്‍ണ മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മണ്ഡലം പ്രസിഡന്റ് ബിജു ജെ. ജോര്‍ജ്, ജനപ്രതിനിധികളായ സി.എസ്. അനീഷ്കുമാര്‍, എല്‍സി ക്രിസ്റ്റഫര്‍ എന്നിവര്‍ നേതൃത്വം നല്കി.
പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ സിപിഎം 5, കോണ്‍ഗ്രസ് 3, സിപിഎം സ്വതന്ത്രന് 1, കോണ്‍ഗ്രസ് സ്വതന്ത്രന് 1, ബിജെപി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎമ്മിലെ നാല് അംഗങ്ങളും കോണ്‍ഗ്രസിനൊപ്പം ചേർന്നാണ് പുതിയ ഭരണസഖ്യം ഉടലെടുത്തിട്ടുള്ളത്.
മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും സിപിഎമ്മിലേക്ക്
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സി.എസ്. ബിനോയി ചരിവുപുരയിടത്തിലും വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായ ഷെറിന് റോയിയും സിപിഎമ്മിലക്കെന്ന് സൂചന. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുവരും സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്.
മുന്‍പു സിപിഎം അനുഭാവിയായിരുന്ന ബിനോയി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ വന്നതോടെ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. ഷെറിൻ റോയിയാകട്ടെ കോൺഗ്രസ് സ്ഥാനാർഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും പിന്തുണയിൽ ബിനോയ് പ്രസിഡന്റും ഷെറിൻ വൈസ് പ്രസിഡന്റുമാകുകയായിരുന്നു.
നാലുവർഷത്തിനിടെ ഉണ്ടായ ആദ്യ അവിശ്വാസം പരാജയപ്പെട്ടെങ്കിലും ഇത്തവണ പാർട്ടി നിർദേശത്തിനു കാക്കാതെ മെംബർമാർ ചേർന്നു നൽകിയ അവിശ്വാസം വിജയിച്ചു. അവിശ്വാസ നീക്കത്തെ സിപിഎം ഔദ്യോഗികമായി തള്ളിയെങ്കിലും മെംബർമാർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നു.
പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ നാല് മെംബർമാർ സിപിഎമ്മിനു പുറത്തായെങ്കിലും മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും പാർട്ടിയിലേക്ക് തിരികെ എത്തുന്നത് പാർട്ടിക്ക് ആശ്വാസമാണ്.