പുഷ്പമേള ലോഗോ പ്രകാശനം ചെയ്തു
1493760
Thursday, January 9, 2025 3:50 AM IST
തിരുവല്ല: മനുഷ്യ ബന്ധങ്ങളില്‍ അകല്‍ച്ചയും വിദ്വേഷവും മത്സരവും വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ പുഷ്പമേള പോലെയുള്ള കൂട്ടായ്മകള്‍ മനുഷ്യബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അകല്‍ച്ചകളും വിദേഷ്വങ്ങളും അകറ്റുന്നതിനും പാരസ്പര്യ സ്നേഹം വര്‍ധിപ്പിക്കുന്നതിനും ഉപകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. 30 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ നടക്കുന്ന തിരുവല്ല പുഷ്പമേള ലോഗോ പ്രകാശന കര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഇ.എ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ജോസഫ് എം. പുതുശേരി എക്സ് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പന് കുര്യന്,
ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്മെന്റ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് തെക്കെപുരയ്ക്കല്‍, പുഷ്പമേള ജനറല്‍ കണ്‍വീനര്‍മാരായ സാം ഈപ്പന്, ടി.കെ. സജീവ്, കണ്‍വീനര്‍ റോജി കാട്ടാശേരി, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വി. ഈപ്പന്, ജോസ് വി. ചെറി എന്നിവര്‍ പ്രസംഗിച്ചു. നിരവധി അപേക്ഷകരില്നിന്നുമാണ് ലോഗോ തെരഞ്ഞെടുത്തത്.
5,001 രുപയാണ് സമ്മാനത്തുക. പരുമല കല്ലുവാരത്തില്‍ കെ.എസ്. ശ്യാം തയാറാക്കിയ ലോഗോയാണ് കാര്‍ട്ടൂണിസ്റ്റുകളായ ബൈജു പൗലോസ്, റവ. ഡോ. ജോസ് പുനമഠം എന്നിവര്‍ തെരഞ്ഞെടുത്തത്.