ദേ പുലി ഇങ്ങെത്തി... ചിറ്റാർ ടൗണിലും ഭീതി
1494041
Friday, January 10, 2025 4:01 AM IST
ചിറ്റാർ: ചിറ്റാർ ടൗണിലും പുലി എത്തി. ഇതാദ്യമായാണ് ടൗൺ ഭാഗത്ത് പുലിയെ കണ്ടതായി ദൃക്സാക്ഷികളുടെ മൊഴി ലഭിക്കുന്നത്. കഴിഞ്ഞദിവസം പുലർച്ചെ ടൗണിനു സമീപമുള്ള ആശുപത്രി ഭാഗത്താണ് പുലിയെ കണ്ടത്. പുലർച്ചെ ബസ് കയാറാനെത്തിയ ദന്പതികളാണ് പുലിയെ കണ്ടത്.
ചിറ്റാർ ടൗൺ റോഡ് മുറിച്ചു കടക്കുകയായിരുന്നു പുലി. അപ്രതീക്ഷിതമായി പുലിയെ കൺമുന്പിൽ കണ്ടെങ്കിലും ആത്മധൈര്യം കൈവിടാതെ ദന്പതിമാർ മാറിനിൽക്കുകയായിരുന്നുവെന്ന് പറയുന്നു.
ടൗണിനു സമീപം താമസിക്കുന്ന ഇലവുങ്കൽ സുനിൽ കുമാർ, ഭാര്യ ജയ എന്നിവരുടെ കൺമുന്പിലൂടെയാണ് പുലി കടന്നുപോയത്. പുലർച്ചെയുള്ള ബസിൽ പത്തനംതിട്ടയിലേക്കു പോകാൻ ഇറങ്ങിയതായിരുന്നു ഇരുവരും. ആശുപത്രിയുടെ സമീപത്തെത്തിയപ്പോൾ താഴെ ഭാഗത്തെ വസ്തുവിൽനിന്നും റോഡിലേക്ക് കയറിയ പുലി ഇവരുടെ മുന്പിലേക്ക് എത്തുകയായിരുന്നു. റോഡ് മുറിച്ചു കടന്ന പുലി മറുവശത്തെ വസ്തുവിലേക്ക് കയറി.
പുലിയെ കണ്ടവിവരം ദന്പതികൾ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീറിനെ വിളിച്ചറിയിച്ചു. ബഷീർ ആവശ്യപ്പെട്ട പ്രകാരം വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
ടൗണിനു സമീപമുള്ള തെക്കേക്കര വനത്തിൽനിന്നാകാം പുലി എത്തിയതെന്നു കരുതുന്നു. പുലിയെ കണ്ട ഭാഗത്ത് മുന്പ് തെരുവുനായ്ക്കൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവയെ കാണാനില്ല. നായ്ക്കളെ പുലി പിടികൂടിയിട്ടുണ്ടാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു.
ചിറ്റാർ ടൗൺ മേഖലയിൽ പുലിയെ കണ്ടതോടെ നാട്ടുകാരിൽ പരിഭ്രാന്തി വർധിച്ചു. വടശേരിക്കര - ചിറ്റാർ റോഡിൽ ബൗണ്ടറി, മണിയാർ ഭാഗങ്ങളിൽ മുന്പ് പുലിയെ കണ്ടിരുന്നു.
എന്നാൽ പുലിയെ കണ്ടതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമില്ലെന്നാണ് വനംവകുപ്പ് നിലപാട്. വള്ളിപ്പുലിയോ കാട്ടുപൂച്ചയോ ആകാമെന്ന നിഗമനത്തിലാണ് അധികൃതർ. എന്നാൽ വിവരം അറിഞ്ഞിട്ടും വനപാലകർ എത്താൻ താമസിച്ചുവെന്ന് പ്രദേശവാസികൾ ആരോപിച്ചു.