അഴിയിടത്തുചിറയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
1493756
Thursday, January 9, 2025 3:50 AM IST
തിരുവല്ല: ഉന്നത നിലവാരത്തിൽ റോഡ് നവീകരണം നടക്കുന്ന അഴിയിടത്തുചിറ ജംഗ്ഷനു സമീപം പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. അഴിയിടത്തുചിറ-മേപ്രാൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്.
പൈപ്പ് പൊട്ടിയിട്ട് ഒരു മാസത്തിലേറെയായി. അധികൃതരെ അറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പൈപ്പ് പൊട്ടി റോഡിൽക്കൂടിവെള്ളം നിറഞ്ഞതോടെ സമീപ കടകളിലെ വ്യാപാരവും കുറഞ്ഞതായി സ്ഥാപന ഉടമകൾ പറഞ്ഞു. വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളം തെറിച്ചു വീഴുന്നതായും പരാതിയുണ്ട്.
റോഡിൽ നവീകരണജോലികൾ പൂർത്തിയായി വരുന്നെങ്കിലും പൈപ്പ് ലൈൻ മാറ്റി പുതിയതു സ്ഥാപിച്ചിട്ടില്ല. റോഡിന്റെ വശത്തെ കോൺക്രീറ്റിംഗിന് അടിയിലൂടെയാണ് പൈപ്പ് ലൈൻ കടന്നു പോകുന്നത്.